ലഖ്‌നൗ: കാമുകിയുടെ സഹോദരനെ യുവാവും കൂട്ടരും ചേര്‍ന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗറിലാണ് സംഭവം.
ഐടിഐ വിദ്യാര്‍ത്ഥിയായ സുരേന്ദ്ര പാല്‍ എന്ന യുവാവിനെയാണ് നാലുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ശിവകുമാര്‍ എന്ന യുവാവുമായി സുരേന്ദ്രപാലിന്റെ സഹോദരി പ്രേമത്തിലായിരുന്നു. ബന്ധം അറിഞ്ഞ സുരേന്ദ്രപാല്‍ ഇതിനെ എതിര്‍ത്തു. ഇനി സഹോദരിയെ കാണരുതെന്നും വിലക്കി.

പിന്നീട് ശിവകുമാര്‍ വിഷയം സുഹൃത്ത് ഭുപേന്ദ്രയോട് പറഞ്ഞു. ഭുപേന്ദ്രയാണ് സുരേന്ദ്രയെ കൊല്ലാനായി പദ്ധതി തയ്യാറാക്കിയത്. സുരേന്ദ്രയുടെ അകന്ന ബന്ധുകൂടിയാണ് ഭുപേന്ദ്ര.

മദ്യപിക്കാനെന്ന് പറഞ്ഞാണ് സുരേന്ദ്രയെ വിളിച്ചുവരുത്തിയത്. അമിതമായി മദ്യം നല്‍കിയതിന് ശേഷം കഴുത്തില്‍ സ്‌കാര്‍ഫ് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം മഥുരയില്‍ കൊണ്ടുവന്ന് യമുന നദിക്കരയില്‍ കുഴിച്ചിട്ടു.

ശേഷം സുരേന്ദ്രയുടെ വീട്ടില്‍ വിളിച്ച്‌ 20 ലക്ഷം രൂപ ചോദിച്ചു. സുരേന്ദ്രയെ തട്ടിക്കൊണ്ടുപോയതാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. വിളിച്ച ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.