മുംബൈ: കോവിഡിന്റെ രണ്ടാം തരം​ഗത്തില്‍ പകച്ചു നില്‍ക്കുകയാണ് മഹാരാഷ്ട്ര. വൈറസ് വ്യാപനം പിടിവിട്ട സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു. മതപരവും രാഷ്ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം.

റസ്റ്റോറന്റുകളും, മാളുകളും, പാര്‍ക്കുകളും രാത്രി 8 മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടുന്നത് തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സമയത്ത് ബീച്ചുകളില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്. തിയേറ്ററുകളും അടഞ്ഞു കിടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്നു പിഴ ഈടാക്കും.

നേരത്തെ മാര്‍ച്ച്‌ 28 മുതല്‍ നൈറ്റ് കര്‍ഫ്യൂ എര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഏപ്രില്‍ നാല് മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പിലാക്കും. മാളുകള്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് മണിവരെ അടച്ചിടണം.

നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച്‌ 28,29 തീയതികളില്‍ ഹോളി, ഷാബ് ഇ ബരാത്ത് ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് പൊതു ഇടങ്ങളില്‍ പരിപാടി പാടില്ല. കല്യാണ്‍-ഡോംബിവ്‌ലിയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിടും, പാര്‍സല്‍ സൗകര്യം മാത്രമേ അനുവദിക്കൂ. 50 ശതമാനം പച്ചക്കറി കടകള്‍ മാത്രമാണ് വിപണിയില്‍ തുറന്നിരിക്കുക