തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിക്രം. എന്നാല്‍ നിലവില്‍ തമിഴിലാണ് നടന്‍ സജീവമെങ്കിലും മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. കൂടാതെ നടന്റെ സിനിമ ജീവിതത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത് മലയാള സിനിമയായിരുന്നു. തമിഴിലൂടെയാണ് സിനിമ ജീവിതം നടന്‍ ആരംഭിച്ചതെങ്കിലും നടന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലൂടെയാണ്. 1993 ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രമായ ധ്രുവത്തിലൂടെയാണ് വിക്രം മോളിവുഡില്‍ എത്തുന്നത്. മമ്മൂട്ടി നരസിംഹ മന്നാടിയാരായി എത്തിയ ചിത്രത്തില്‍ ഭഭ്രന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടി ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമാവുകയായിരുന്നു വിക്രം.

1996 ല്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്ത മനോഹരമായ ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ഒരുപക്ഷേ ഈ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇന്ദ്രപ്രസ്ഥവും അതിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. മമ്മൂട്ടിയ്ക്കൊപ്പം പ്രകാശ് രാജും വിക്രവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വിക്രമിന്റെ തുടക്കകാലത്തെ ചിത്രമായിരുന്നു. ഇപ്പോഴിത ഇന്ദ്രപ്രസ്ഥത്തില്‍ വിക്രം എത്തിയതിനെ കുറിച്ച്‌ സംവിധായകന്‍ ഹരിദാസ് മനസ് തുറക്കുകയാണ്.

അതേസമയം, മമ്മൂട്ടിയാണ് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വിക്രമിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. പൂര്‍ണ്ണമായും മലയാള സിനിമ എന്ന രീതിയില്‍ ആയിരുന്നില്ല ഇന്ദ്രപ്രസ്ഥം ചെയ്തത്. വിക്രമിന് പകരം വിജയ രാഘവനെയാണ് ആദ്യം പീറ്റര്‍ എന്ന കഥാപാത്രത്തിലേയ്ക്ക് പരിഗണിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് വിക്രമിന്റെ പേര് അദ്ദേഹം പറയുന്നത്. അന്ന് വിക്രം തമിഴ് സിനിമയില്‍ ഒന്നും ആയിട്ടില്ലായിരുന്നു. എന്നാല്‍ അദ്ദേഹം ആ സമയത്ത് തമിഴില്‍ സിനിമ ചെയ്യുന്നുണ്ടായിരുന്നു. മമ്മൂക്കയാണ് വിക്രമിന്റെ പേര് പറയുന്നത്. വിജയരാഘവനായിരുന്നു മനസ്സിലുണ്ടായിരുന്നത് എന്നാല്‍ പറയുന്നതിന് മുന്‍പ് തന്നെ വിക്രമിന്റെ പേര് അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. ആ സമയത്ത് മമ്മൂട്ടിക്കൊപ്പം വിക്രം ഒരു സിനിമയില്‍ അഭിനയിക്കുകയോ അഭിനയിച്ച്‌ കഴിഞ്ഞ സമയമോ ആയിരുന്നു.