ആറു കോടി രൂപയുടെ ബമ്ബര്‍ സമ്മാനമാടിച്ച ടിക്കറ്റ് ഉടമയ്ക്ക് നല്‍കിയ മനസ്സിനെ പുകഴ്ത്തുകയാണ് മലയാളികള്‍, എന്നാല്‍ ഇന്നത്തെ കാലത്ത് ഇത്ര സത്യസന്ധയാകേണ്ട ആവശ്യമില്ല എന്നും ചിലര്‍ പറയുന്നു.
സമ്മാനമടിച്ച ലോട്ടറി ഉടമയായ ചന്ദ്രന്റെ വീട്ടില്‍ കൊടുത്ത് തിരിച്ചു വരുമ്ബോള്‍ സ്വന്തം ബാഗിലുണ്ടായിരുന്നത് 30 രൂപ മാത്രമാണെന്ന് സ്മിജ പറയുന്നു. ചുണങ്ങംവേലിയില്‍ വഴിയോരത്ത് ലോട്ടറി ടിക്കറ്റ് വില്‍പന നടത്തുന്ന സ്മിജയുടെ വാക്കുകളില്‍ നഷ്ടബോധം ഒട്ടുമില്ല. സത്യസന്ധത തെളിയിക്കാന്‍ താന്‍ പ്രത്യേകിച്ച്‌ എന്തെങ്കിലും ചെയ്തെന്ന തോന്നലില്ലെന്നും സ്മിജ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ലോട്ടറി എന്തിനാണ് നീ കൊടുത്തേ എന്നു ചോദിച്ച ഒരുപാടു പേരുണ്ട്.

ഇവിടെ കടയില്‍ വന്നവരൊക്കെ അങ്ങനെ ചോദിച്ചിക്കുന്നുണ്ട്. ബന്ധുവായ ഒരു ചേട്ടന്‍ വിളിച്ചു ചെറുതായി വഴക്കും പറഞ്ഞു- ഇവിടെ ഇത്രയും സത്യസന്ധത പാടില്ലെന്നു പറഞ്ഞ്. അത് ആ ചേട്ടന്‍ വാങ്ങിയ ടിക്കറ്റായതുകൊണ്ടു കൊടുത്തു എന്നാണ് എല്ലാവരോടും പറഞ്ഞത്.

അദ്ദേഹത്തിന് അവകാശപ്പെട്ടത് അദ്ദേഹത്തിനുതന്നെ കൊടുക്കണ്ടേ? പിന്നെ എനിക്ക് ആ ചേട്ടനോട് അങ്ങനെ ചെയ്യാന്‍ പറ്റില്ല. ഒരു പ്രാവശ്യം 120 ടിക്കറ്റ് ബാക്കി വന്നപ്പോള്‍ ആ ചേട്ടനും കൂടെയുള്ളവരും കൂടിയാണ് 50 ടിക്കറ്റെടുത്തത്. രണ്ടു പ്രാവശ്യം അങ്ങനെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ബംപര്‍ ടിക്കറ്റ് പത്തെണ്ണം എടുത്തിട്ടുണ്ട്. പെട്ടു നില്‍ക്കുന്ന സമയത്ത് സഹായിച്ചിട്ടുള്ള മനുഷ്യരാണ്. അപ്പോള്‍ അങ്ങനെ കാണിക്കരുതല്ലോ.

ടിക്കറ്റ് കൊടുത്തതില്‍ ഇതുവരെ നഷ്ടബോധം തോന്നിയിട്ടില്ല. സമ്മാനം അടിച്ച ടിക്കറ്റ് കൊടുത്തതിന് ഭര്‍ത്താവ് രാജേശ്വരന്‍ ഒരിക്കല്‍പോലും കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം കൂടി ഉള്ളപ്പോഴാണ് ചന്ദ്രന്‍ ചേട്ടനെ ലോട്ടറി അടിച്ച വിവരം വിളിച്ചു പറഞ്ഞത്’. സംഭവം അറിഞ്ഞ് നിരവധിപ്പേര്‍ അഭിനന്ദിക്കാനെത്തിയിരുന്നതായും സ്മിജ പറയുന്നു.