ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ തട്ടുകടയില്‍ ദോശ ചുട്ട്​ നടിയും ബിജെപി സ്​ഥാനാര്‍ഥിയുമായ ഖുഷ്​ബു സുന്ദര്‍. പ്രചാരണത്തിനിടെ പടിഞ്ഞാറന്‍ മാട തെരുവിലെ വഴിയോര തട്ടുകടയില്‍ കയറി ഖുഷ്​ബുവിന്റെ പാചക വൈദഗ്​ധ്യം തെളിയിക്കുകയായിരുന്നു. ഖുഷ്​ബു ദോശ ചുടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചെന്നൈയിലെ തൗസന്‍റ്​​ ലൈറ്റ്​ മണ്ഡലത്തില്‍നിന്നാണ്​ ഖുഷ്​ബു ജനവിധി തേടുന്നത്​.

തമിഴ്​നാട്ടിലെ തെരഞ്ഞെടുപ്പില്‍ നിരവധി നേതാക്കളാണ്​ വ്യത്യസ്​ത പ്രചാരണ തന്ത്രങ്ങളുമായി രംഗത്തെത്തുന്നത്​. കുറച്ചുദിവസം മുമ്ബ്​ നാഗപട്ടണത്തെ അണ്ണാ ഡി.​എം.കെ സ്​ഥാനാര്‍ഥി തങ്ക കതിരവന്‍ തുണി അലക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം എ.ഐ.ഡി.എം.കെ സ്​ഥാനാര്‍ഥിയും മന്ത്രിയുമായ എസ്​.പി. വേലു​മണിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന​ിടെ യോഗ അദ്ധ്യാപകന്‍ തലകുത്തിനിന്ന്​ കാര്‍ കെട്ടിവലിച്ചത്​ വാര്‍ത്തയായിരുന്നു. തഞ്ചാവൂര്‍ മണ്ഡലത്തിലെ സ്വ​ത​ന്ത്ര സ്​ഥാനാര്‍ഥി സന്തോഷ്​ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്​ തണ്ണിമത്തനും കൊണ്ടായിരുന്നു. തനിക്ക്​ തണ്ണിമത്തന്‍ തെരഞ്ഞെടുപ്പ്​ ചിഹ്​നമായി അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഈ നീക്കം.

ആലന്‍ഗുളം മണ്ഡലത്തിലെ സ്​ഥാനാര്‍ഥി ഹരി നാടാര്‍ 4.25 കിലോ സ്വര്‍ണം ധരിച്ചുകൊണ്ടായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്​. ഏതു വിധേനയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തന്ത്രങ്ങള്‍ പയറ്റുകയാണ്​ സ്​ഥാനാര്‍ഥികള്‍. ഏപ്രില്‍ ആറിന്​ ഒറ്റഘട്ടമായാണ്​ തമിഴ്​നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്​. മെയ്‌​ രണ്ടിന്​ ഫലമറിയാം. 234 മണ്ഡലങ്ങളിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ -ഡി.എം.കെ സഖ്യവും ബിജെപി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ്​ പ്രധാന മത്സരം.