കൊച്ചി മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. അതോറിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് നിര്‍വഹിക്കും. യാത്രക്കാരുടെ ആവശ്യത്തിനും താത്പര്യത്തിനും അനുസരിച്ച് പൊതുഗതാഗതം ഒരുക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
റെയില്‍വേ, മെട്രോ റെയില്‍, ബസ് സര്‍വീസ്, ടാക്സി സര്‍വീസ്, ഓട്ടോറിക്ഷ, സൈക്കിള്‍ തുടങ്ങിയ ഗതാഗത മാര്‍ഗങ്ങളുടെ ഏകോപനം ഇതിനായി ആദ്യഘട്ടത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കൊച്ചി കോര്പറേഷന് പരിധിയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുന്നത്. തുടര്‍ന്ന് ജിഡ, ജിസിഡിഎ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും അതോറിറ്റിയുടെ നേതൃത്വത്തില്‍ വാഹന സൗകര്യം ഒരുക്കും.
സര്‍വീസ് നടത്തുന്ന ബസുകളെയെല്ലാം ചേര്‍ത്ത് കമ്ബനി രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഓട്ടോ സര്‍വീസുകളെല്ലാം ഒന്നിപ്പിക്കുന്ന സൊസൈറ്റിയുടെ രൂപീകരണവും പൂര്‍ത്തിയായി. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാവുന്ന സൗകര്യവും ഒരുക്കും.