മുംബയ്: ‘ഗംഗുഭായ് കത്തിയവാടി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട് എന്നിവര്‍ക്ക് മുംബയ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചു. മേയ് 21നുള്ളില്‍ ഇരുവരും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
മുംബയിലെ ചുവന്ന തെരുവ് അടക്കി വാണിരുന്ന ഗംഗുഭായ് കത്തേവാഡിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ദത്തുപുത്രന് രാവ്ജി ഷാ നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്.
‘മാഫിയ ക്വീന്‍സ് ഓഫ് മുംബയ്: സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ് ലാന്‍ഡ്സ്’ എന്ന പേരില്‍ ഹുസൈന് സെയ്ദി, ജെയിന് ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്.
പുസ്തകത്തില്‍ തന്റെ മാതാവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതേ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഇത് തന്നെ ആവര്‍ത്തിക്കുമെന്നും രാവ്ജി ഷാ ആരോപിക്കുന്നു.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മുംബയ് സിവില്‍ കോടതിയില്‍ രാവ്ജി ഷാ നല്കിയ ഹര്‍ജി കോടതി
തള്ളിയിരുന്നു.