പാലക്കാട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരിയും ഭക്ഷ്യഭദ്രത അലവന്‍സും വീടുകളില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തിലേക്ക്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് നീക്കിവെച്ചതും കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതെ കിടക്കുന്നതുമായ അരിയാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അധ്യയനവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുമ്ബ് അരി കൊടുത്തുതീര്ക്കേണ്ടതിനാലാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിെന്റ നിലപാട്.
ഏതെങ്കിലും സാഹചര്യത്തില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഭക്ഷ്യധാന്യം വിദ്യാര്‍ഥികള്‍ക്ക് പാചകം ചെയ്ത് നല്കാന് സാധിക്കാതെ വന്നാല്‍ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം അലവന്‍സ് അനുവദിക്കണം.
കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകച്ചെലവും ചേരുന്നതാണ് ഭക്ഷ്യഭദ്രത അലവന്‍സ്. കോവിഡ് മൂലം അടച്ചിട്ട സ്കൂളുകള്‍ തുറക്കുന്നതുവരെ ഉച്ചഭക്ഷണത്തിന് അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും അലവന്‍സ് നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ഇതുപ്രകാരം 2020 മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ അലവന്‍സ് ഭക്ഷ്യ കിറ്റുകളായി സപ്ലൈകോ സഹകരണത്തോടെ നേരത്തേ വിതരണം ചെയ്തു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അലവന്‍സ് രണ്ടാംഘട്ടമായി വിതരണം ചെയ്തു.
സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള അരിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. അരിക്ക് പിന്നാലെ പലവ്യഞ്ജന കിറ്റുകള്‍ വിതരണത്തിനെത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ അരി മാത്രമാണ് വിതരണം ചെയ്യുന്നത്. 11 തരം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് തയാറാക്കല്‍ പൂര്‍ത്തിയായിട്ടില്ല. ഇത് തയാറാക്കുന്നത് സപ്ലൈകോയാണ്.
പ്രീ പ്രൈമറി സ്കൂളുകളില്‍ ഒരു കുട്ടിക്ക് 700 രൂപയും അഞ്ച് കിലോ അരിയും പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് 15 കിലോ അരിയും 700 രൂപയും അപ്പര്‍ പ്രൈമറിയില്‍ 25 കിലോ അരിയും 1,200 രൂപയുമാണ് ഭക്ഷ്യഭദ്രത അലവന്‍സ്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്ക് പഞ്ചസാര, ചെറുപയര്‍ എന്നിവ ഓരോ കിലോ വീതവും അപ്പര്‍ പ്രൈമറിക്കാര്‍ക്ക് രണ്ടുകിലോ വീതവുമാണ് കിറ്റിലുള്ളത്.
പ്രീ പ്രൈമറി, പ്രൈമറി വിഭാഗത്തിന് വെളിച്ചെണ്ണ ഒരു ലിറ്ററും അപ്പര്‍ പ്രൈമറിക്കാര്‍ക്ക് രണ്ടു ലിറ്ററും നല്‍കുന്നുണ്ട്. ആട്ട, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, വന്‍പയര്‍, വെള്ളക്കടല, തുവര, റാഗി പൗഡര്‍ തുടങ്ങിയവയാണ് കിറ്റിലെ മറ്റിനങ്ങള്‍.