ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം കൂടി വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുമുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിയ്ക്കുന്നത്. രാജ്യത്ത് ഹോളി, ഈസ്റ്റര്‍, ഈദ് തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഹോം സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഹോം സെക്രട്ടറി അജയ് ബല്ല കത്തയച്ചത്. മാത്രമല്ല, കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്. പരിശോധന നടത്തി സമ്ബര്‍ക്ക പട്ടിക തയാറാക്കുന്ന രീതി കര്‍ശനമായി പാലിക്കണം, ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുതെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കണമെന്നും ഹോം സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.