പുതുച്ചേരി : പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. അധികാരത്തിലെത്തിയാല്‍ രണ്ടര ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്നതാണ് യുവജനങ്ങള്‍ക്കായി ആദ്യം പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് ആറായിരം രൂപ വാര്‍ഷിക സാമ്ബത്തിക സഹായമായി നല്‍കുമെന്നും പ്രകടനപത്രികയിലൂടെ അവകാശപ്പെടുന്നു. ഉന്നത പഠനത്തിന് ചേരുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സ്‌കൂട്ടി നല്‍കുമെന്നും ബിജെപി ഉറപ്പുനല്‍കുന്നു.

കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍, അര്‍ജ്ജുന്‍ രാം മേഘ് വാള്‍, ഗിരിരാജ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കും എന്നാണ് പ്രഖ്യാപിക്കുന്നത്. എല്ലാ പ്രഖ്യാപനങ്ങളും പൊതു സമൂഹത്തില്‍ നിന്നും ശേഖരിച്ച അഭിപ്രായം അനുസരിച്ചാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ജനങ്ങളെ നേരിട്ട് കണ്ടാണ് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അഭിപ്രായം തേടിയത്. അല്ലാതെ ശീതീകരിച്ച മുറികളില്‍ ഇരുന്നല്ല. എങ്ങനെയാണ് നരേന്ദ്ര മോദി വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ടെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.