ന്യൂഡല്‍ഹി: കൃത്യമായ ഉറക്കം ലഭിച്ചാല്‍ കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാദ്ധ്യത കുറയുമെന്ന് പഠനം. ബിഎംജെ ന്യൂട്രീഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് ഹെല്‍ത്ത് എന്ന ഓണ്‍ലൈല്‍ ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉറക്കമില്ലായ്മ, ഉറക്കത്തിലുള്ള തടസ്സം എന്നിവ കൊറോണ വൈറസ് ബാധയുണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, യുകെ, യുഎസ്‌എ എന്നീ രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ 2020 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 25 വരെ സര്‍വ്വേ നടത്തിയിരുന്നു. എട്ട് ശാസ്ത്രജ്ഞര്‍ അടങ്ങിയ ഗവേഷണ സംഘമാണ് ഈ നിഗമനത്തിലെത്തിയത്.

ഏകദേശം 2884 ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. അവരില്‍ 568 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചവര്‍ ആയിരുന്നു. ശരാശരി 6 മുതല്‍ 7 മണിക്കൂര്‍ വരെ ഉറക്കമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. രാത്രിയില്‍ അധികമായി ഓരോ മണിക്കൂര്‍ ഉറങ്ങുമ്ബോഴും രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത 12 ശതമാനം കുറയുന്നുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

ശാരീരികമോ മാനസികമോ ആയ ക്ഷീണവും തളര്‍ച്ചയും മറ്റൊരു കാരണമായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് ബാധ മാത്രമല്ല ഗുരുതരമായ പലരോഗങ്ങള്‍ക്കും ഈ അവസ്ഥകള്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് രോഗമുക്തി നേടാനും ഒരുപാട് സമയമെടുക്കുകയും ചെയ്യും. കൂടാതെ രാത്രിയില്‍ ഉറക്കത്തിന്റെ അളവ് കൂടുന്നത് അനുസരിച്ച്‌ കൊറോണ വൈറസ് ബാധ പിടിപെടാനുള്ള സാദ്ധ്യത കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.