ന്യൂയോര്‍ക്ക്: പ്രസിഡന്റ് ജോ ബൈഡന്റെ പ്രധാന കോവിഡ് -19 ഉപദേഷ്ടാവ് ഡോ. വിവേക് മൂര്‍ത്തിയെ സര്ജന് ജനറലായി യുഎസ് സെനറ്റ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. സെനറ്റ് അംഗീകാരം ലഭിക്കുന്ന ബൈഡന്റെ ആദ്യത്തെ ഇന്ത്യന്‍- അമേരിക്കന്‍ നോമിനിയാണ് മൂര്‍ത്തി. ഒബാമ ഭരണകൂടത്തില്‍ സര്ജന് ജനറലായിരുന്ന മൂര്‍ത്തിയോട് ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ സ്ഥാനം ഒഴിയാണ് ആവശ്യപ്പെടുകയായിരുന്നു. ബൈഡന്റെ കോവിഡ്-19 ഉപദേശക സമിതിയിലെ മൂന്ന് സുപ്രധാനികളില് ഒരാളാണ് 43-കാരനായ മൂര്‍ത്തി.
അമേരിക്കയെന്ന മഹാരാജ്യത്തിന്റെ ആരോഗ്യരംഗത്തിന്റെ താക്കോല്‍സ്ഥാനമായ സര്ജന് ജനറല്‍ പദവിയുടെ കാലാവധി നാലുവര്‍ഷമാണ്. പൊതു ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്. 6,000 മെഡിക്കല്‍ ഓഫീസര്‍മാരുള്ള പബ്ലിക് ഹെല്‍ത്ത് സര്‍വീസ് കമ്മീഷന്‍ഡ് കോര്‍ തലവനാണ് സര്ജന് ജനറല്‍. സര്ജന് ജനറല്‍ ക്യാബിനറ്റ് അംഗമല്ല, ഹെല്‍ത്ത് -ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, വൈസ് അഡ്മിറലിന് തത്തുല്യമായ റാങ്കും ചിഹ്നത്തോട് കൂടിയ യൂണിഫോമും ഉണ്ടായിരിക്കും.
ബൈഡന് മുന്‍ഗണന നല്‍കിയിരിക്കുന്ന പൊതു ആരോഗ്യ വിഷയങ്ങളില്‍, അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥരുടെ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വിവേക് മൂര്‍ത്തിയുടെ ദൗത്യം. ഡിസംബര്‍ 15, 2014 നായിരുന്നു 51-43 സെനറ്റ് വോട്ടുകള്‍ നേടി മൂര്‍ത്തി മുന്‍പ് ഇതേ സ്ഥാനത്ത് നിയമിതനായത്. ട്രംപ് അധികാരം നേടിയതിന്റെ പശ്ചാത്തലത്തില്‍, ഏപ്രില്‍ 21 , 2017 ന് സ്ഥാനം ഒഴിഞ്ഞു.
രണ്ടാം തവണ മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത് ആറ് വോട്ടുകള്‍ അധികം നേടിക്കൊണ്ടാണ്. 2014 ല്‍ മൂര്ത്തിക്കെതിരെ വോട്ട് ചെയ്ത ഡെമോക്രാറ്റിക് സെനറ്റര്‍ ജോ മാന്ചിന് ഇത്തവണ പിന്തുണച്ചു. 50-50 സെനറ്റില്‍ ഡെമോക്രറ്റുകളില്‍ നിന്ന് പൂര്‍ണ പിന്തുണയുടെയും 7 റിപ്പബ്ലിക്കന്മാരുടെ പിന്തുണയുടെയും ഫലമായി മൂര്‍ത്തിക്ക് 57 വോട്ടുകള്‍ ലഭിച്ചു.
അടുത്തിടെ നടന്ന വെടിവയ്പ്പിനെ ‘പൊതുജനാരോഗ്യ പ്രതിസന്ധി’ എന്ന് വിശേഷിപ്പിക്കുകയും തോക്ക് ഉടമസ്ഥാവകാശത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുകയും ചെയ്തത് ചൂണ്ടിക്കാണിച്ചാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ ഭൂരിഭാഗവും മൂര്‍ത്തിയുടെ നിയമനത്തെ എതിര്‍ത്തത്.
കൊളറാഡോയില്‍ നടന്ന കൂട്ട വെടിവയ്പില്‍ ഒറ്റ ദിവസം പത്ത് പേര് കൊല്ലപ്പെടുകയും, ഒരാഴ്ച മുമ്ബ് അറ്റ്ലാന്റയില്‍ എട്ട് പേര് കൊല്ലപ്പെടുകയും ചെയ്തത് കണക്കാക്കിയാണ് തോക്ക് നിയന്ത്രണം നിര്‍ദ്ദേശിച്ചത്. 1997 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോ കെമിക്കല്‍ സയന്‍സസില്‍ ബിരുദം നേടിയ മൂര്‍ത്തി, യേല്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്ന് എംഡിയും യേല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎയും നേടി.
ഡോക്ടര്‍സ് ഓഫ് അമേരിക്കയുടെ സഹ- സ്ഥാപകനും പ്രസിഡന്റുമായ മൂര്‍ത്തി, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലില്‍ ഫിസിഷ്യനും ഇന്‍സ്ട്രക്ടറുമായി 2006 മുതല്‍ പ്രവര്‍ത്തിക്കുന്നു. 2011 ല്‍ അദ്ദേഹം അഡ്വൈസറി ഗ്രൂപ് ഓഫ് പ്രിവന്‍ഷന്‍, ഹെല്‍ത്ത് പ്രൊമോഷന്, ആന്‍ഡ് ഇന്റഗ്രേറ്റീവ് പബ്ലിക് ഹെല്‍ത്തില്‍ അംഗമായി നിയമിതനായിരുന്നു.
ഇന്ത്യയിലും യു എസിലും എച്ച്ഐവി എയ്ഡ്സ് വിദ്യാഭ്യാസം കേന്ദ്രീകരിച്ച് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിഷന്‍സ് വേള്‍ഡ് വൈഡ് എന്ന സ്ഥാപനം തുടങ്ങിയവരില്‍ ഒരാളും 1995 മുതല്‍ 2000 വരെ പ്രസിഡന്റ് സ്ഥാനത്തും 2003 ല്‍ ചെയര്മാന് സ്ഥാനത്തും പ്രവര്‍ത്തിച്ച ആള്‍കൂടിയാണ്.
ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റിന്റെ മേധാവിയായി കാബിനറ്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നീര ടണ്ഠന്, ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍മാര്‍ പോലും എതിര്‍ത്തപ്പോള്‍ പിന്മാറേണ്ടി വന്നു. ഇന്ത്യന്‍ അമേരിക്കക്കാരിയായ വനിത ഗുപ്തയുടെ അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്കുള്ള സ്ഥിരീകരണം, പോലീസ് വകുപ്പുകള്‍ക്ക് ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള പ്രചാരണത്തെ പിന്തുണച്ചതുകൊണ്ടും റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിലുമാണ് തടസ്സപ്പെട്ടത്.