തിരുവനന്തപുരം: ജില്ലയില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുണ്ടാകുമെന്നും അതിനാല്‍ ജില്ലയിലെ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുന്‍പ് തങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു പോളിങ് ബൂത്തില്‍ 1,000 സമ്മതിദായകര്‍ക്കു മാത്രമാക്കി വോട്ടിങ് സൗകര്യം നിജപ്പെടുത്തിയ സാഹചര്യത്തിലാണു ജില്ലയില്‍ 1,428 ഓക്‌സിലിയറി പോളിങ് ബൂത്തുകള്‍ തുറക്കേണ്ടിവന്നിട്ടുള്ളതെന്നും കളക്ടര്‍ പറഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പില്‍ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുണ്ടായിരുന്നത്. ഓക്‌സിലിയറി പോളിങ് ബൂത്തുകള്‍ കൂടി വരുന്നതോടെ ജില്ലയിലെ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 4,164 ആകും.

സമ്മതിദായകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ ഈ പോളിങ് ബൂത്തുകളുടെ സമീപ പ്രദേശത്തുതന്നെയാണ് ഓക്‌സിലിയറി പോളിങ് ബൂത്തുകളും തുറന്നിട്ടുള്ളത്. ഓരോ സമ്മതിദായകരുടേയും വോട്ട് ഏതു ബൂത്തിലാണെന്നതു സംബന്ധിച്ചു കൃത്യമായ രേഖകള്‍ തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഇതു പരിശോധിക്കാം.