കോഴിക്കോട്: സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും അവരെല്ലാം പിണറായി വിജയന്റെ പിണിയാളുകളാണ് എന്ന രീതിയിലുളള സമീപനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ബി ജെ പി നേതാവും കോഴിക്കോട് നോര്‍ത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ എം ടി രമേശ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തെ വേട്ടയാടുന്ന സമീപനമാണ് സി പി എം സ്വീകരിച്ചതെന്നും രമേശ് ആരോപിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമ്പോള്‍ സര്‍ക്കാരിന് ഇത്ര അസ്വസ്ഥതയും അസഹിഷ്ണുതയും എന്തിനാണെന്ന് എം ടി രമേശ് ചോദിച്ചു. ശബരിമല വിഷയത്തില്‍ എന്‍ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ നിലപാടെടുക്കുന്ന എല്ലാവരേയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന നിലപാട് ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.