ലക്‌നൗ : ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചയ്ക്കായുള്ള പരിശ്രമം തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രൈമറി സ്‌കൂളുകളില്‍ കൂടുതല്‍ അദ്ധ്യാപകരെ നിയമിക്കും. ഒഴിവുള്ള 4000 പോസ്റ്റുകളിലേക്കാണ് സര്‍ക്കാര്‍ അദ്ധ്യാപക നിയമനം നടത്തുന്നത്.

പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദിയാണ് ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്ന വിവരം അറിയിച്ചത്. മുഖ്യമന്ത്രിയുടെ മിഷന്‍ റോസ്ഗാര്‍ പദ്ധതിയ്ക്ക് കീഴില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും ഇതില്‍ 1.25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയത് പ്രാഥമിക വിദ്യാഭ്യാസ വകുപ്പിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളില്‍ 69,000 അദ്ധ്യാപക ഒഴിവുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4000 ഒഴിവുകള്‍ ഒഴികെ ബാക്കിയെല്ലാം സര്‍ക്കാര്‍ നികത്തിയിരുന്നു. ഈ ഒഴിവുകളാണ് ഇപ്പോള്‍ നികത്തുന്നത്. പരീക്ഷയ്ക്കും, അഭിമുഖ പരീക്ഷയ്ക്കും ശേഷമാണ് സര്‍ക്കാര്‍ നേരത്തെ അദ്ധ്യാപക നിയമനം നടത്തിയത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെയാകും ബാക്കിയുള്ള ഒഴിവുകളിലേക്ക് നിയമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.46 ലക്ഷം പേരാണ് നേരത്തെ നടന്ന പരീക്ഷയില്‍ യോഗ്യത നേടിയത്.