ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു സങ്കട വാര്‍ത്തയാണ് ഗോവയില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ പ്രിയ യുവ സ്ട്രൈക്കര്‍ ജോബി ജസ്റ്റിന് പരിക്കേറ്റിരിക്കുകയാണ്. മോഹന്‍ ബഗാന്റെ താരമായ ജോബി ജസ്റ്റിന് ഒക്ടോബര്‍ 27ന് പരിശീലനത്തിന് ഇടയില്‍ ആയിരുന്നു പരിക്കേറ്റത്. എ സി എല്‍ ഇഞ്ച്വറി ആണ്. അതുകൊണ്ട് തന്നെ ഈ സീസണ് മുഴുവനായി തന്നെ ജോബിക്ക് നഷ്ടമായേക്കും.
എ സി എല്‍ ഇഞ്ച്വറിയേറ്റാല് ചുരുങ്ങിയത് ആറു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം താരത്തിന് ശസ്ത്രക്രിയ നടത്തും. എ ടി കെ മോഹന്‍ ബഗാന് ജേഴ്സിയില്‍ വലിയ പ്രകടനങ്ങള്‍ നടത്താം എന്ന പ്രതീക്ഷയില്‍ ഇരിക്കെയാണ് ജോബിക്ക് പരിക്കേറ്റിരിക്കുന്നത്. താരത്തിന് ഇത് വലിയ തിരിച്ചടി തന്നെയാകും. അടുത്തിടെ ആയിരുന്നു എ ടി കെ മോഹന്‍ ബഗാനില്‍ ജോബ് ജസ്റ്റിന് രണ്ട് വര്‍ഷത്തെ പുതിയ കരാര്‍ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണില്‍ എ ടി കെ കൊല്‍ക്കത്തയ്ക്ക് ഒപ്പം ഐ എസ് എല്‍ കിരീടം നേടാന്‍ ജോബിക്ക് ആയിരുന്നു.