ന്യൂഡല്‍ഹി: കരസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച്‌ സുപ്രീം കോടതി ഉത്തരവ്. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികള്‍ വാങ്ങിയവരെ സ്ഥിര കമ്മീഷന്‍ നിയമനത്തില്‍ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിം കോടതി പറഞ്ഞു. മെഡിക്കല്‍ യോഗ്യതയില്‍ അടക്കം കരസേനയുടെ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. മെഡിക്കല്‍ ഫിറ്റ്നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷന്‍ നിയമനം നിഷേധിക്കുന്നുവെന്ന ഉദ്യോഗസ്ഥകളുടെ ഹര്‍ജിയിലാണ് ഉത്തരവ്.

“സമത്വത്തിന്റെ ഉപരിപ്ലവമായ മുഖം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തത്വങ്ങളുമായി പൊരുത്തപ്പെടില്ല,” സുപ്രീം കോടതി പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ശിശു പരിപാലനത്തിന്റെയും വീട്ടുജോലിയുടെയും ഉത്തരവാദിത്തം സമൂഹം സ്ത്രീകള്‍ക്ക് നല്‍കുമ്ബോള്‍ സൈനിക ജീവിതത്തിലെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും കൂടുതല്‍ ബുദ്ധിമുട്ടായിത്തീരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്ഥിരനിയമനത്തിന് ഉദ്യോഗസ്ഥരുടെ അച്ചടക്കവും സ്വഭാവശുദ്ധിയുമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി ഉത്തരവ് നടപ്പാക്കണമെന്നും വനിത ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ആനുകൂല്യവും ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കരസേനയിലും നാവികസേനയിലും നിലനിന്നു പോരുന്ന വിവേചനപരമായ വ്യവസ്ഥകള്‍ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത് എണ്ണൂറിലധികം വനിത ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സേവനത്തിന്റെ അടിസ്ഥാനത്തില്‍ വനിതകള്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ചാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.