ബെര്‍ലിന്‍: ജര്‍മ്മനിയിലെ റോമന്‍ കത്തോലിക്ക ചര്‍ച്ചില്‍ വന്‍ ലൈംഗിക ചൂഷണമെന്ന് കണ്ടെത്തല്‍. മാര്‍ച്ച്‌ 18ന് പുറത്തുവിട്ട ഒരു സ്വതന്ത്ര പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 314 പേര്‍ പീഡനത്തിന് ഇരയായെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

1975 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 314 പേര്‍ പീഡനത്തിന് ഇരയായത്. ഇവരില്‍ 50 ശതമാനത്തിലേറെയും 14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ്. വിവിധ സംഭവങ്ങളിലായി 202 പേര്‍ കുറ്റവാളികളായെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 800 പേജുകളുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹംബര്‍ഗില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ ഹംബര്‍ഗ് ആര്‍ച്ച്‌ ബിഷപ്പ് സ്റ്റെഫാരി ഹെസ്സെ പദവി രാജിവെക്കുകയും ചെയ്തു.

പുരോഹിതരും വൈദികരും സധാരണക്കാരും ഉള്‍പ്പെടെ വിവിധ സംഭവങ്ങളില്‍ പ്രതികളായി. സംഭവങ്ങളിലേറെയും നടന്നതും മൂടിവെക്കപ്പെട്ടതും കര്‍ദ്ദിനാള്‍ ജൊവാഷിം മെയ്‌സ്‌നെറിന്റെ കാലഘട്ടത്തിലാണ്. പള്ളിവികാരികളുടെ ലൈംഗിക ചൂഷണത്തെ തുറന്നുകാട്ടുന്ന മറ്റൊരു പഠനം പ്രസിദ്ധീകരിക്കാന്‍ ജൊവാഷിം മെയ്‌സ്‌നെറിന്റെ മുന്‍ഗാമിയായിരുന്ന ആര്‍ച്ച്‌ ബിഷപ്പ് റെയ്‌നര്‍ മരിയ വൊയേല്‍കി അനുവാദം നല്‍കാതിരുന്നതും വിവാദമായിരുന്നു.

സമാനമായ കണ്ടെത്തലുകളുമായി 2018ല്‍ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു. 1946നും 2014നും ഇടയില്‍ പ്രായപൂര്‍ത്തിയാകാത്ത 3,677 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നും 1,670 വൈദികരാണ് ഈ കുറ്റകൃത്യം നടത്തിയതെന്നുമായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനും മുകളിലാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.