കോട്ടയം: കോട്ടയം മണ്ഡലം തിരിച്ചു പിടിക്കാൻ ഒരുങ്ങിയിറങ്ങിയ ബി.ജെ.പി സ്ഥാനാർത്ഥി മിനർവ മോഹന് വേണ്ടി വനിതാ സ്‌ക്വാഡ് രംഗത്ത്. നിയോജക മണ്ഡലത്തിലെ മുക്കിലും മൂലയിലും ഇറങ്ങിയെത്തിയ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി വീട്ടമ്മമാരാണ് സജീവമായി ഇറങ്ങുന്നത്. യു.ഡി.എഫ് – എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കൊപ്പം പുരുഷന്മാർ മാത്രം വീടുകൾ കയറുമ്പോഴാണ്, എൻ.ഡി.എ സ്ഥാനാർത്ഥി വീട്ടമ്മാർക്കൊപ്പം മണ്ഡലത്തിൽ സജീവമാകുന്നത്.

എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ മണ്ഡലത്തിൽ എത്തിയപ്പോൾ മുതൽ തന്നെ ഇവർക്കു വേണ്ടി പ്രവർത്തന രംഗത്തിറങ്ങാൻ വീട്ടമ്മമാരിൽ പലരും സ്വയം സന്നദ്ധരായി രംഗത്ത് എത്തുകയായിരുന്നു. ബി.ജെ.പി – ആർ.എസ്.എസ് – എൻ.ഡി.എ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ പല സ്ഥലങ്ങളിലും വീട്ടമ്മമാർ സ്വയം സന്നദ്ധരായി സ്ഥാനാർത്ഥിയ്ക്കു വേണ്ടി പ്രവർത്തിക്കാൻ രംഗത്തിറങ്ങുന്ന കാഴ്ചയാണ് മണ്ഡലത്തിലുടനീളം കാണുന്നത്.

കേന്ദ്രത്തിലെ മോദി സർക്കാരിന്റെ നേട്ടങ്ങളെല്ലാം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകൊണ്ടു തന്നെ സ്ത്രീ വോട്ടർമാരാണ് ഏറ്റവും കൂടുതൽ എൻ.ഡി.എ മുന്നണിയ്ക്ക് അഭിവാദ്യം അർപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം നഗരസഭ പരിധിയിൽ മാത്രം ആയിരത്തോളം വീട്ടമ്മമാരാണ് സ്ഥാനാർത്ഥിയ്ക്കു പിൻതുണ അർപ്പിച്ച് ഓരോ വാർഡിലും പ്രചാരണത്തിന് സ്വയം സന്നദ്ധരായി രംഗത്ത് എത്തിയിരിക്കുന്നത്.

പനച്ചിക്കാട് പഞ്ചായത്ത് അക്ഷരാർത്ഥത്തിൽ സി.പി.എമ്മിന് വലിയ സ്വാധീനമുള്ള മേഖലയാണ്. ഈ മേഖലയിൽ ഇത്തവണ ഉറപ്പായും, എൻ.ഡി.എ മുന്നണിയ്ക്കു തന്നെ ലീഡ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നു വനിതാ വോട്ടർമാർ ഒറ്റക്കെട്ടായി പറയുന്നു. തങ്ങളുടെ ആവശ്യങ്ങളും, തങ്ങളുടെ അഭിപ്രായങ്ങളും സ്വതന്ത്രമായി പങ്കു വയ്ക്കാൻ സാധിക്കും എന്നതാണ് മിനർവ മോഹൻ എന്ന സ്ഥാനാർത്ഥിയെ സ്ത്രീകൾക്കു പ്രിയങ്കരിയാക്കുന്നത്. മണ്ഡലത്തിൽ വ്യത്യസ്തമായ രീതിയിലാണ് ഇപ്പോൾ ഇവർ പ്രചാരണം നടത്തുന്നത്. വിജയം ഉറപ്പിച്ച മിനർവയുടെ പ്രചാരണം മണ്ഡലത്തിലെ ഇരുമുന്നണികളെയും പിടിച്ചു കുലുക്കുന്നുണ്ട്.