കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഫെയ്സ് മാസ്കുകള്‍ ഉപയോഗിക്കണമെന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യ സംഘടനകളുടെ നിര്‍ദ്ദേശം. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകള്‍ ഇപ്പോഴും മാസ്ക് ധരിക്കാതെ നിയമങ്ങള്‍ ലംഘിക്കുന്നുണ്ട്. ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്ന് യാത്രക്കാരിയായ യുവതിയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഐബിസയിലേയ്ക്ക് പോകേണ്ടിയിരുന്ന 34കാരിയായ യുവതിയെയാണ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. മദ്യലഹരിയിലായിരുന്ന ഇവര്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുകയും ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഹെയ്‌ലി ബോക്സ് എന്ന യുവതി ക്യാബിന്‍ ക്രൂവിനെയും പൊലീസിനെയും പാസ്‌പോര്‍ട്ട് കാണിക്കാതെയാണ് വിമാനത്തിനുള്ളില്‍ കയറിയത്. നിയമങ്ങള്‍ ലംഘിച്ചതിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ മദ്യപിച്ചിരുന്നതിനാല്‍ ഈ സംഭവങ്ങളൊന്നും ഓര്‍മ്മയില്ലെന്നാണ് ബോക്സിന്റെ വാദം. –

രണ്ട് കുട്ടികളുടെ അമ്മയായ യുവതി, ഹോട്ടലില്‍ നിന്ന് ഒരു കുപ്പി വൈന്‍ അകത്താക്കിയിരുന്നു ഇതിനൊപ്പം വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ ഒരു ഗ്ലാസ് മദ്യം കൂടി കഴിക്കുകയും ചെയ്തിരുന്നു. താന്‍ വളരെയധികം മദ്യപിച്ചതിനാലും ഭക്ഷണം കഴിക്കാതിരുന്നതിനാലുമാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്നാണ് യുവതി പറയുന്നത്. മരിച്ചു പോയ സുഹൃത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താന്‍ പോകുന്നതെന്നും ബോക്സ് വ്യക്തമാക്കി. പ്രോട്ടോക്കോള്‍ അനുസരിച്ച്‌, അറസ്റ്റിനു ശേഷം ബോക്സിനെ കോടതിയില്‍ ഹാജരാക്കി. അഭിഭാഷകന്‍ ജെയ്ന്‍ ഷായാണ് കോടതിയില്‍ ഇവര്‍ക്ക് വേണ്ടി വാദിച്ചത്.

അടുത്ത സുഹൃത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞ യുവതി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും ഉറക്കമില്ലായ്മ കാരണം ഇവര്‍ക്ക് വിമാനത്തില്‍ നടന്ന സംഭവങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ക്യാബിന്‍ ക്രൂവിനോടും പൊലീസുകാരോടും യുവതി വളരെ മോശമായാണ് പെരുമാറിയതെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ ക്രൂ അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി ഇവരെ അധിക്ഷേപിച്ചു. സീറ്റ് ബെല്‍റ്റ് ധരിച്ച്‌ വിമാനത്തില്‍ തന്നെ ഇരിക്കുകയും ചെയ്തു എന്നും അറിയിച്ചു. കനത്ത പിഴ ചുമത്തി യുവതിയെ കോടതി പിന്നീട് വിട്ടയച്ചു.

മറ്റൊരു സംഭവത്തില്‍ കസ്റ്റമര്‍ കൊറോണ വൈറസ് നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ ഒരു റെസ്റ്റോറന്റിലെ വെയിട്രസ്, ജോലി ഉപേക്ഷിച്ച്‌ ഇറങ്ങി പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ഉപഭോക്താവ് മാസ്‌കില്ലാതെ റെസ്റ്റോറന്റില്‍ എത്തുന്നതും ഇവരോട് മാസ്ക് ധരിക്കാന്‍ വെയിട്രസ് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കസ്റ്റമര്‍ മാസ്ക് ധരിക്കാന്‍ തയ്യാറാകുന്നില്ല. പല തവണ ആവര്‍ത്തിച്ചിട്ടും കസ്റ്റമര്‍ മാസ്ക് ധരിക്കാതെ വന്നതോടെ ജീവനക്കാരിയ്ക്ക് ദേഷ്യം വന്നു. ഇവര്‍ ദേഷ്യത്തില്‍ ജോലി വിട്ട് റെസ്റ്റോറന്റില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്. മാസ്ക് കൈയിലുണ്ടായിരുന്നിട്ടും മുഖത്ത് വയ്ക്കാന്‍ യുവതി തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാരി ഇറങ്ങിപ്പോയത്.