തിരുവനന്തപുരം: ഇരട്ടവോട്ട് പരിശോധന സോഫ്റ്റ്െവയര് സഹായത്തോടെ നടത്താന്‍ തീരുമാനം. 140 മണ്ഡലങ്ങളിലും ഇരട്ട വോട്ടുകള്‍ പരിശോധിക്കും. ഇതിനായി ഇലക്ടറല്‍ രജിസ്ട്രേഷന് ഒാഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപവത്കരിച്ച് വ്യാഴാഴ്ചക്കകം പരിശോധന പൂര്‍ത്തിയാക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. സമാന എന്‍ട്രികള്‍ കണ്ടെത്തിയാല്‍ എയ്റോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര് എന്നിവ ഉപയോഗിച്ച് സമഗ്രമായി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ് പതിവ്.
എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ സമാന വോട്ടര്‍മാരെ ഒഴിവാക്കുന്നതിനല്ല, വോട്ടര്‍പട്ടികയിലേക്ക് തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ക്കാണ് മുന്‍ഗണന നല്േകണ്ടതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെന്റ നിര്‍ദേശമുണ്ട്.
സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടര്‍മാരുടെ വിവരങ്ങള്‍ എയ്റോനെറ്റ് സോഫ്റ്റ്വെയറിലെ ‘ലോജിക്കല്‍ എറര്‍’ സംവിധാനത്തില്‍ പരിശോധിച്ച് ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്തുതലത്തില്‍ തയാറാക്കണം.