മുംബൈ: ടിആര്‍പി അഴിമതിക്കേസില്‍ റിപ്പബ്ലിക്കന്‍ ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ആശ്വാസമായി ബോംബെ ഹൈക്കോടതി വിധി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയശേഷമേ അര്‍ണബിനെ അറസ്റ്റ്ചെയ്യാവൂ എന്നു മുംബൈ പോലീസിനു നിര്‍ദേശം നല്കിയ കോടതി, മൂന്നുമാസമായി അന്വേഷണം തുടരുന്നുണ്ടെങ്കിലും അര്‍ണബിനെ പ്രതിചേര്‍ത്തിട്ടില്ലെന്നും നിരീക്ഷിച്ചു.
അന്വേഷണം നേരിടുന്നതിനാല്‍ പ്രത്യേകസംരക്ഷണം ആവശ്യപ്പെടാനാവില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയ ജസ്റ്റീസ് എസ്.എസ്. ഷിന്‍ഡെയും ജസ്റ്റീസ് മനീഷ് പിതേലും അടങ്ങുന്ന ബെഞ്ച് , കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന സംശയം മാത്രമുള്ള സാഹചര്യത്തില്‍ അറസ്റ്റ് എന്ന വാള് തലയ്ക്കുമുകളില്‍ പ്രതിഷ്ഠിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. അര്‍ണബിനും എആര്‍ജി ഔട്ട്ലെയര്‍ മീഡിയയ്ക്കുമെതിരേയുള്ള അന്വേഷണം വഞ്ചനാപരമാണെന്നാണു അര്‍ണബിന്റെ അഭിഭാഷകന്റെ വാദം. അര്‍ണബ് ഉള്‍പ്പെടെയുള്ളവരെ പ്രതികളെന്നു സംശയിക്കുന്നു എന്നാണു കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടിയിരുന്നു.