ഇപ്പോള്‍ പ്രീ-പോള്‍ സര്‍വേകളുടെ ബഹളമാണ്. ഓരോ മാധ്യമവും സര്‍വേ നടത്തി ട്രെന്‍ഡ് അറിയിക്കുന്നു, പ്രവചനങ്ങള്‍ നടത്തുന്നു. ഭൂരിപക്ഷം സര്‍വേകളും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ചതോടെ, പ്രതിപക്ഷ നേതാവ് സര്‍വേകളെ വിമര്‍ശിച്ച്‌ തന്നെ രംഗത്തെത്തുകയും ചെയ്തു. പ്രീപോള്‍ സര്‍വേ ഫലങ്ങള്‍ കണ്ട് മതിമറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഏതായാലും, മറ്റുസര്‍വേകള്‍ക്കൊന്നും കാക്കാതെ സിപിഎം തന്നെ ഒരു പ്രാഥമിക സര്‍വേ നടത്തി സ്വയം വിലയിരുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എല്‍ഡിഎഫിന് ഉറപ്പായി 85 സീറ്റുകള്‍ കിട്ടുമെന്ന് സിപിഎം സര്‍വേയില്‍ പറയുന്നു. യുഡിഎഫിന് പരമാവധി 55 സീറ്റുകള്‍ കിട്ടുമ്ബോള്‍ എന്‍ഡിഎക്ക് സീറ്റൊന്നുമില്ല. സര്‍വേ പ്രകാരം എല്‍ഡിഎഫിന് 9 സീറ്റുകളില്‍ കൂടി മുന്‍തൂക്കമുണ്ട്.

കോണ്‍ഗ്രസിന് 24 സീറ്റ് വരെയും, ലീഗിന് 16 സീറ്റുവരെയും കിട്ടാന്‍ സാധ്യത. അങ്ങനെ പരമാവധി 55 സീറ്റുവരെ. മഞ്ചേശ്വരം, കഴക്കൂട്ടം, നേമം, കോന്നി മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യതയുണ്ടെങ്കിലും ഇത്തവണ സീറ്റ് കിട്ടാതിരിക്കാന്‍ പ്രത്യേക പരിശ്രമം നടത്തിക്കഴിഞ്ഞുവെന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്. നേമം, കോട്ടയം, അരുവിക്കര സീറ്റുകള്‍ സിപിഎം പിടിച്ചെടുക്കാനുള്ള സാധ്യതയും സര്‍വേ ടീം പ്രവചിക്കുന്നു.

പിണറായി വിജയന്റെ യോഗങ്ങളില്‍ കൂടുന്ന ആള്‍ക്കൂട്ടം വോട്ട് വിഹിതത്തില്‍ വരുത്താനിടയുള്ള വര്‍ദ്ധനയും സര്‍വേ ടീം പഠനവിധേയമാക്കി. എല്ലാ ജില്ലകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ 13 അംഗ സംഘമാണ് ക്രോഡീകരിക്കുന്നത്. ജില്ലാ റിപ്പോര്‍ട്ടുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച്‌ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. വെള്ളിയാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഓരോ മേഖലയിലെയും വിജയ സാധ്യത വിലയിരുത്തും.

സര്‍വേ ഫല പ്രകാരം സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന് അനുകൂലമായ മുഖ്യഘടകങ്ങളില്‍ ഒന്ന്. ജനക്ഷേമ നടപടികള്‍ സ്ത്രീകളെ എല്‍ഡിഎഫ് പക്ഷത്തേക്ക് ചായാന്‍ പ്രേരകമായി. വികസനപദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി.

ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയും ഇടതുമുന്നണിക്ക് അനുകൂലമായിരിക്കും. വിശേഷിച്ചും കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം എല്‍ഡിഎഫിന്റെ വോട്ടുവിഹിതം കൂട്ടും. ഇടതുമുന്നണിയില്‍ അടുത്തകാലത്ത് ചേര്‍ന്ന കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളും പുതിയ മേഖലകളിലേക്ക് മുന്നണിക്ക് വഴി തുറക്കും. വയനാട്ടില്‍, 2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നില്‍ രണ്ടുസീറ്റ് നേടി. ഇത്തവണ സുല്‍ത്താന്‍ ബത്തേരി കൂടി ജയിക്കും. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട്ടിലെ തോല്‍വി കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നും സിപിഎം കണക്കുകൂട്ടുന്നു.

പ്രീ-പോള്‍ സര്‍വേകളില്‍ പ്രവചിക്കുന്ന തുടര്‍ഭരണം സ്വപ്‌നം കണ്ടിരിക്കാതെ വോട്ടെടുപ്പ് ദിവസം വരെ വിശ്രമമില്ലാതെ പണിയെടുക്കാനാണ് അണികള്‍ക്ക് നേതാക്കള്‍ നല്‍കുന്ന സന്ദേശം. വരുദിവസങ്ങളില്‍ എല്‍ഡിഎഫിന് എതിരായ സര്‍വേകളും വരുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. അത്തരം സര്‍വേ ഫലങ്ങള്‍ കാര്യമായി എടുക്കരുതെന്നുമാണ് പാര്‍ട്ടി നിര്‍ദ്ദേശം.