രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുകയാണ്. 45 വയസിന് മുകളിലുളളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന് നല്‍കുക. ഇതിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കൊ-വിന് എന്ന സര്‍ക്കാര്‍ ആപ്പ് വഴിയോ, വെബ്സെറ്റ് വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താലോ, സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്താലോ ആണ് വാക്സിനെടുക്കാന്‍ സാധിക്കുക. കൊവി ഷീല്‍ഡ് വേണോ, കൊ വാക്സിന് വേണോ എന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാം.
കൊവി ഷീല്‍ഡ് വാക്സിന് എടുക്കുന്നവര്‍ രണ്ടാമത്തെ ഡോസ് എട്ടാഴ്ചയ്ക്കുളളില് എടുത്താല്‍ മതി. നേരത്തെ കൊവി ഷീല്‍ഡ് എടുക്കുന്നവര്‍ രണ്ടാമത്തെ ഡോസ് നാല് മുതല്‍ ആറ് ആഴ്ചകളുടെ വ്യത്യാസത്തില്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളും തെളിവുകളും മുന്‍നിര്‍ത്തിയാണ് രണ്ടാമത്തെ ഡോസിന്റെ സമയപരിധിയില്‍ കേന്ദ്രം മാറ്റം വരുത്തിയത്. നാല് മുതല്‍ എട്ട് ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ കൂടുതല്‍ പ്രതിരോധം ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
രാജ്യത്ത് വാക്സിനുകള്‍ക്ക് ക്ഷാമമില്ലെന്നും ആവശ്യത്തിന് വാക്സിന് ഡോസ് ഉണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. വാക്സിനുകളില്‍ കൊവി ഷീല്‍ഡിന് മാത്രമാണ് രണ്ടാമത്തെ ഡോസിനിടയിലെ സമയം കൂട്ടിയത്. കൊവാക്സിന് നിലവില്‍ നല്‍കിയിരുന്നത് പോലെ തന്നെ തുടരും. രാജ്യത്ത് 80 ലക്ഷം പേരാണ് ഇതുവരെ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചത്. 4.85 കോടിയോളം പേര് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായിട്ടാണ് കണക്കുകള്‍.
അറുപത് വയസ് കഴിഞ്ഞവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുളള മറ്റ് അസുഖങ്ങള്‍ ഉളളവര്‍ക്കുമാണ് ഇപ്പോള്‍ വാക്സിനേഷന് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ട വാക്സിനേഷന്റെ സമയത്ത് കൊ വിന് 1.0 ആയിരുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം നിലവില്‍ കൊ വിന് 2.0 ആണ്. മൂന്നാം ഘട്ടത്തില്‍ ഇതില്‍ മാറ്റങ്ങള്‍ വരുമോ എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒരു മൊബൈല്‍ ഫോണ്‍ നമ്ബരില്‍ നിന്നും നാല് അപ്പോയിന്റ്മെന്റുകള്‍ വരെ എടുക്കാം. കൂടാതെ വാക്സിനേഷന്റെ തിയതി, സൗകര്യപ്രദമായ ആശുപത്രി എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആരോഗ്യസേതു ആപ്പില്‍ നിന്നും കൊ വിന് രജിസ്ട്രേഷന് നടത്താനും സാധിക്കും. രജിസ്ട്രേഷനായി ആദ്യം കൊ-വിന് ആപ്പോ അല്ലെങ്കില്‍ cowin.gov.in എന്ന വെബ്സെെറ്റിലോ രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ നമ്ബരോ, ആധാര്‍ നമ്ബരോ നല്കി എന്റര്‍ ചെയ്യുക. ഇതുവഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒടിപി ലഭിക്കും.
ഇതില്‍ കുടുംബാംഗങ്ങളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ആദ്യ ഡോസ് വാക്സിന് എടുക്കാനുളള തിയതിയും ചെല്ലേണ്ട സമയവും ഇതിനായി എത്തേണ്ട കേന്ദ്രവും ലഭിക്കും. ആ സമയത്ത് പോയി വാക്സിന് എടുക്കാവുന്നതാണ്. വാക്സിന് എടുത്ത് കഴിഞ്ഞാല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കെറ്റും മോണിറ്ററിങ് റെഫറന്‍സ് ഐഡിയും ലഭിക്കും.