ഹരിപ്പാട്: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് പെട്രോള്‍ ഒഴിച്ചു കത്തിച്ച് ജീവനൊടുക്കി. മാന്നാര്‍ മേപ്പാടം കൊട്ടാരത്തില്‍ കമലാദാസന്റെ മകന് കെ.അര്ജുന്(23) ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അര്ജുന് മരിക്കുന്നതിന് മുന്‍പ് പൊലീസിന് മൊഴി നല്കി. സുഹൃത്തിന്റെ പണവും അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടുത്ത പണവും ഉപയോഗിച്ചാണ് അര്ജുന് ഓണ്‍ലൈന്‍ ഗെയിം കളിച്ചത്.
സുഹൃത്തിന്റെ പണവും അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എടുത്ത പണവും ഉപയോഗിച്ചാണ് അര്ജുന് ഓണ്‍ലൈന്‍ ഗെയിം കളിച്ചത്. ഒരു ലക്ഷം രൂപയോളം അര്ജുന് നഷ്ടമായി. സുഹൃത്ത് പണയം വച്ച ബൈക്ക് തിരിച്ചെടുക്കാന്‍ അര്‍ജുനെ ഏല്പിച്ച 60,000 രൂപയാണ് നഷ്ടമായത്. സുഹൃത്തിന് പണം തിരിച്ചു നല്‍കേണ്ടത് ഇന്നലെയായിരുന്നു. കുറച്ചു ദിവസമായി അര്ജുന് അതിന്റെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു 25,000 രൂപയും എടുത്തിരുന്നു.
ഞായറാഴ്ച രാത്രി വീടിനു സമീപമുള്ള കട്ടക്കുഴി തേവേരി പാടത്തിന്റെ ബണ്ടില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബൈക്ക് ബണ്ടിനു സമീപമുള്ള റോഡില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഹെല്‍മറ്റ് തലയില്‍ വച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. അതിനാല്‍ മുഖത്ത് പൊള്ളലേറ്റിരുന്നില്ല. ശനിയാഴ്ച വീട്ടില്‍ നിന്നു ബൈക്കില്‍ തൃശൂരിലേക്കു പോയ അര്ജുന് മടങ്ങി വരും വഴി പെട്രോള്‍ വാങ്ങിയിരുന്നെന്നാണ് സൂചന.
നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അര്ജുന് ഇന്നലെ രാവിലെ മരിച്ചു. തിരുവനന്തപുരം ഗവ.എന്‍ജിനീയറിങ് കോളജില്‍ നിന്നു കഴിഞ്ഞ വര്‍ഷം ബിടെക് പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതിയിരുന്നില്ല. അര്‍ജുനന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവ്: ശാലിനി ദേവി. സഹോദരന്: കെ. അരവിന്ദ്.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിരോധിച്ചു: വിജ്ഞാപനം ഇറങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സര്‍ക്കാര്‍ രണ്ടാഴ്ചമുന്പ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകന് പോളി വടക്കന്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദേശം. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നിരവധിപേര്‍ക്കു പണം നഷ്ടമായ സാഹചര്യത്തിലായിരുന്നു ഹര്‍ജി. കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്.
എന്നാല്‍ നിയമ ഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും.
ചില സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്കു നിയന്ത്രണമുണ്ട്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാല്‍, കേരളത്തില്‍നിന്നുള്ളവര്‍ ഗെയിമിങ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുമ്ബോള്‍ കമ്ബനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ഗെയിമിങ് കമ്ബനികളുടെ സെര്‍വര്‍ ഇന്ത്യയിലല്ലാത്തതിനാല്‍ നിയമനടപടികള്‍ക്കു പരിമിതിയുണ്ടെന്നു സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, നടി തമന്ന, നടന് അജു വര്‍ഗീസ് എന്നിവരോടാണ് കേസ് പരിഗണിച്ചപ്പോള്‍ കോടതി വിശദീകരണം തേടിയത്.
ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്.
നേരത്തെ നടന് അജു വര്‍ഗീസിന്റെ റമ്മി സര്‍ക്കിള്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഭാര്യയും നാലു കുട്ടികളും ഉള്ള, ടാക്സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടന്നുമാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച റമ്മി സര്‍ക്കിള്‍ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്താണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്.