തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ആചാരലംഘനത്തിന് തയ്യാറായിരിക്കുന്ന എല്‍ഡിഎഫിനും ഗ്യാലറിയിരുന്ന് കളികാണുന്ന യുഡിഎഫിനും വിശ്വാസികളുടെ ശക്തി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്ബോള്‍ മനസ്സിലാകുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അവസരം ലഭിച്ചാല്‍ ഇനിയും ആചാരം ലംഘിക്കുമെന്നാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകളില്‍ നിന്നും വ്യക്തമാക്കുന്നത്. ആക്ടിവിസ്റ്റുകളെ പൊലീസ് യൂണിഫോം ധരിപ്പിച്ച്‌ മലകയറ്റിച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് ഭക്തിയും ഖേദപ്രകടനവും ഒക്കെയുണ്ടായി. അയ്യപ്പസ്വാമിയെ അധിക്ഷേപിക്കുന്ന സ്വരാജിനോടും യുവതീപ്രവേശം വേണമെന്ന യെച്ചൂരിയോടും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന് എന്ത് നിലപാടാണുള്ളതെന്ന് അറിയാന്‍ കഴക്കൂട്ടത്തെ വോട്ടര്‍മാര്‍ക്ക് ആഗ്രഹമുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം തിരുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയനോട് യോജിക്കുന്നുണ്ടോ എന്ന് കടകംപള്ളി തുറന്ന് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

2016ല്‍ കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായത് എല്‍ഡിഎഫ് കോണ്‍ഗ്രസുകാരനായ ഷാഫി പറമ്ബിലിന് വോട്ടുമറിച്ച്‌ നല്‍കിയതുകൊണ്ടാണ്. ഈ സംഭവത്തില്‍ പുറത്താക്കിയ 16 സിപിഎമ്മുകാരെ പാര്‍ട്ടി ഉന്നതനേതൃത്വം ഇടപെട്ട് പിന്നീട് തിരിച്ചെടുത്തു. ബിജെപി കഴിഞ്ഞതവണ ഏഴു സ്ഥലത്താണ് രണ്ടാമതെത്തിയത്. സിപിഎംകോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് ബിജെപിയെ പരാജയപ്പെടുത്തിയതെന്നും ശോഭ പറഞ്ഞു.

കെട്ടിപ്പൊക്കിയാല്‍ ഉടന്‍ തകരുന്ന പാലാരിവട്ടം മോഡല്‍ വികസനം വേണോ കരുത്തുറ്റ പാമ്ബന്‍പാലം മോഡല്‍ വികസനം വേണോ എന്ന് കേരളത്തിന് തീരുമാനിക്കാനുള്ള അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള യഥാര്‍ഥവികസനം കേരളത്തില്‍ കാഴ്ചവയ്ക്കാന്‍ എന്‍ഡിഎക്ക് സാധിക്കുമെന്നും ശോഭസുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.