ബ്രസല്‍സ്: പട്ടാള അട്ടിമറി നടന്ന മ്യാന്‍മാറില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം 11 പേര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ .ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചതിനും സമാധാനമായി പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്തിയതിനുമാണ് നടപടിയെന്ന് യൂണിയന്റെ വിദേശമന്ത്രിമാരുടെ യോഗം വ്യക്തമാക്കി.

കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ആങ് ഹിയാങ്, ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സോയ് വിന്‍ ഉള്‍പ്പെടെ സൈന്യത്തിലെ 10 മേധാവികള്‍ക്കെതിരെയാണ് നടപടി. കഴിഞ്ഞവര്‍ഷത്തെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തലവനെതിരേയും ഉപരോധമുണ്ട്. ആസ്തി മരവിപ്പിക്കല്‍, യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇവര്‍ നേരിടേണ്ടിവരും.
അതെ സമയം പ്രക്ഷോഭ സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും സൈന്യം നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ സാമ്ബത്തികനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു .

നിലവില്‍ അരങ്ങേറുന്ന നിയന്ത്രണങ്ങള്‍ ജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തും. മ്യാന്‍മാര്‍ ജനതയെ ഉപരോധത്തിലൂടെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേയാണ് നടപടിയെന്നും ജര്‍മന്‍ വിദേശമന്ത്രി ഹെയ്‌കോ മാസ് വ്യക്തമാക്കി.