ആലുവ: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മര്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചതു ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്. കീഴ്മാടില്‍ ചെടിച്ചട്ടി കമ്ബനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി.കെ. ചന്ദ്രനാണ് ആ ഭാഗ്യവാന്. ആറു കോടി രൂപയുടെ ഒന്നാം സമ്മാനം SD 316142 എന്ന നമ്ബരിന് ആയിരുന്നു അടിച്ചത്. ലോട്ടറി വില്‍ക്കുന്ന സ്മിജ കാണിച്ച സത്യസന്ധതയാണ് ആലുവ സ്വദേശിയായ ചന്ദ്രനെ ആറുകോടിയുടെ ഉടമയാക്കിയത്. പണം പിന്നെ തരാമെന്ന് പറഞ്ഞ് ചന്ദ്രന് സ്മിജയോട് മാറ്റിവെക്കാന്‍ പറഞ്ഞ ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്.
ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന പട്ടിമറ്റം വലമ്ബൂരില്‍ താമസിക്കുന്ന സ്മിജ കെ മോഹനന്റെ പക്കലാണ് ചന്ദ്രന് ഞായറാഴ്ച ലോട്ടറി ടിക്കറ്റ് പറഞ്ഞു വച്ചത്. പണം പിന്നീട് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. പട്ടിമറ്റം കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുന്‍പിലും രാജഗിരി ആശുപത്രിക്ക് മുന്പിലുമാണ് സ്മിജ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. സ്മിജയുടെ കൈയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കുന്ന ആളായിരുന്നു ചന്ദ്രന്. ഞായറാഴ്ച സ്മിജയുടെ പക്കല്‍ 12 ബംബര്‍ ടിക്കറ്റുകള്‍ ബാക്കി വന്നു. ഇതോടെ, സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന് ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച് ടിക്കറ്റ് എടുക്കാന്‍ സ്മിജ അഭ്യര്‍ത്ഥിച്ചു. 6142 എന്ന ടിക്കറ്റ് മാറ്റി വെക്കാന്‍ പറഞ്ഞ ചന്ദ്രന് പണം ഇനി കാണുമ്ബോള്‍ നല്‍കാമെന്നും അറിയിച്ചു.
സ്മിജ ടിക്കറ്റ് മാറ്റിവച്ച ശേഷം അതിന്റെ ഫോട്ടോ ചന്ദ്രനു വാട്സാപ്പില്‍ അയച്ചു കൊടുത്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞു ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്റെ ടിക്കറ്റിനാണെന്ന് അറിഞ്ഞത്. 6 കോടി രൂപ അടിച്ച ടിക്കറ്റ് അപ്പോള്‍ സ്മിജയുടെ പക്കല്‍ തന്നെയായിരുന്നു. പിന്നീട് അവരും ഭര്‍ത്താവ് രാജേശ്വരനും കൂടി അതു ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചുകൊടുത്തു. അതേസമയം, സ്മിജ കാണിച്ച സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാന്‍ കാരണമായതെന്ന് ചന്ദ്രന് പറഞ്ഞു.
ചന്ദ്രന് ടിക്കറ്റ് ഇന്നലെ എസ്ബിഐ കീഴ്മാട് ശാഖയില്‍ ഏല്പിച്ചു. നികുതി കഴിഞ്ഞു ചന്ദ്രനു 4 കോടി 20 ലക്ഷം രൂപ ലഭിക്കും. കടബാധ്യതകളും മറ്റും തീര്‍ത്തു ബാക്കി തുകകൊണ്ടു സ്വസ്ഥമായി ജീവിക്കാനാണു ചന്ദ്രന് ഉദ്ദേശിക്കുന്നത്. 15 വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണു ചന്ദ്രന്.