‘പോരാളി ഷാജി’ സോഷ്യല്‍ മീഡിയാ അക്കൗണ്ടിനെതിരെ പരാതിയുമായി ഇടതുപക്ഷ മുന്നണി. പോരാളി ഷാജി എന്നു പേരുള്ള വ്യാജ അക്കൗണ്ടുകളിലൂടെ ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ അപവാദ പ്രചാരണം നടക്കുകയാണെന്നാണ് എല്‍.ഡി.എഫ് ജില്ലാ പൊലീസ് സൂപ്രണ്ടിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.

‘പോരാളി ഷാജി’ എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയുള്ള പ്രചാരണം തരംതാഴ്ന്നതും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതുമാണെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍ പറയുന്നു. പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ. പി വിശ്വംഭരപ്പണിക്കര്‍ എന്നിവര്‍ അറിയിച്ചു.

പോരാളി ഷാജി അക്കൗണ്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും രംഗത്ത് വന്നിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രം വെച്ച്‌ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ക്കുമാണ് വി.എം സുധീരന്‍ പരാതി നല്‍കിയത്.