ന്യൂഡല്‍ഹി: പെന്ഷന് സ്വീകരിക്കാന്‍ വേണ്ട ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റായ ജീവന് പ്രമാണ് ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കി. കൂടാതെ, വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഉപയോഗിക്കുന്ന മെസേജിങ് സംവിധാനമായ ‘സന്ദേശ്’, ഹാജര്‍ സംവിധാനം എന്നിവക്ക് ആധാര്‍ വെരിഫിക്കേഷന് നിര്‍ബന്ധമല്ലെന്നും പുതുതായി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ജീവന് പ്രമാണിന് ആധാര്‍ വഴിയുള്ള സ്ഥിരീകരണം നിര്‍ബന്ധമല്ലെന്നും ഇത് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ബദല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി മന്ത്രാലയം മാര്‍ച്ച് 18ന് പുറത്തിറക്കിയ വിജ്ഞാപനം വിവരിക്കുന്നു. പെന്ഷന് സ്വീകരിക്കാന്‍ നേരിട്ട് ഹാജരാകണമെന്ന നിബന്ധന പെന്‍ഷനര്‍മാര്‍ക്ക് ദുരിതമായ സാഹചര്യത്തില്‍ ഇതൊഴിവാക്കാന്‍ ആവിഷ്കരിച്ചതാണ് ജീവന് പ്രമാണ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്. ആധാര്‍ ഇല്ലാത്തതിനാലും വിരലടയാളം തിരിച്ചറിയപ്പെടാതെ പോവുന്നതിനാലും ഈ സംവിധാനാം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നിരവധി പേര് പരാതിപ്പെട്ടിരുന്നു.