ആലപ്പുഴ : തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തില്‍ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്.

അഞ്ജുവിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുക ദേവി, സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കന്നാലിപാലത്തിന് സമീപം (തോട്ടപ്പള്ളി ഭാഗത്ത്) എതിരെ വന്ന മീന്‍ലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം.

എതിരെ വാഹനം വരുന്നത് കണ്ട്, അഞ്ജു സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നയാള്‍ ബ്രേക്ക്പിടിക്കുന്നതിനിടയില്‍ കാര്‍ സ്കിഡ് ആവുകയും എതിരെ വന്ന മീന്‍വണ്ടി അഞ്ജുവിന്റെ കാറിന്റെ പുറകില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ.