തവനൂരിലെ യു.ഡി.എഫ്​ സ്​ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന് അപരശല്യം രൂക്ഷം. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്മാര്‍ തവനൂരിലാണ്​. ഒരു മുഹമ്മദ് ഫിറോസും മൂന്ന് ഫിറോസും അടക്കം നാലു പേരാണ് കുന്നംപറമ്പിലിന് എതിരെ മത്സരരംഗത്തുള്ളത്. തവനൂരിലെ എല്‍ഡിഎഫ്​ സ്​ഥാനാര്‍ഥി മന്ത്രി കെ.ടി ജലീലിനുമുണ്ട് ഒരു അപരന്‍. ജലീല്‍ എന്ന പേരിലാണ്​ ഇയാള്‍ മത്സരിക്കുന്നത്. തിരൂരില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കുറുക്കോളി മൊയ്തീന് മൂന്ന് അപരന്മാരുണ്ട്. താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി .അബ്ദുറഹിമാനും മങ്കടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലിക്കും മൂന്ന്​ അപരന്മാര്‍ വീതമുണ്ട്.

മലപ്പുറത്ത് തവനൂര്‍, തിരൂര്‍, താനൂര്‍, കോട്ടയ്ക്കല്‍, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി മണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്. വേങ്ങര, മലപ്പുറം, വണ്ടൂര്‍, നിലമ്ബൂര്‍, മഞ്ചേരി മണ്ഡലങ്ങളില്‍ അപരശല്യമില്ല. അതിനിടെ, ഫിറോസ് കുന്നംപറമ്പിലിന്‍റെ ആകെ ആസ്തി 52.58 ലക്ഷം രൂപയാണ് എന്ന് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറല്‍ ബാങ്ക്​ ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത്​ ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്‌​.ഡി.എഫ്​.സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എം.ഡി.സി ബാങ്കില്‍ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്.

ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ​ 20,28,834 രൂപയാണ്​​ ജംഗമ ആസ്​തിയായുള്ളത്. ക​മ്പോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്​. 2053 സ്ക്വയര്‍ ഫീറ്റ്​ വരുന്ന വീടിന്‍റെ ക​മ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത്​ കൂടാതെ 80,000 രൂപയുടെ വസ്​തുവും കൈവശമുണ്ട്​​. സ്ഥാവര ആസ്​തിയായി മൊത്തം​ 32,30,000 രൂപയുണ്ട്. വാഹന വായ്​പയായി 9,22,671 രൂപ അടക്കാനുണ്ട്​. കൂടാതെ ഭവന നിര്‍മാണ ബാധ്യതയായി ഏഴ്​ ലക്ഷം രൂപയുമുണ്ട്​. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.