കേന്ദ്രത്തിലും അസമിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ജനങ്ങളോട് ഇരട്ടി അവഗണനയും അഴിമതിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസെന്നാല്‍ നുണകള്‍, ആശയക്കുഴപ്പം, അസ്ഥിരത, ആക്രമം എന്നാണെന്നും അധികാര കസേരയും തങ്ങളുടെ ഒഴിഞ്ഞ ഭണ്ഡാരം നിറയ്‌ക്കുകയും മാത്രമാണ് അവര്‍ക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അസമിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് വീക്ഷണമോ ആശയസംഹിതയോ ഇല്ല. സംസ്ഥാനത്തിന്റെ സംസ്‌കാരം, പാരമ്ബര്യങ്ങള്‍, ഭാഷകള്‍, ഉത്സവങ്ങള്‍ എന്നിവ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നും എന്‍.ഡി.എ സര്‍ക്കാര്‍ അസമില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്ത് അസമില്‍ സമാധാനമുണ്ടാകുമോ എന്നായിരുന്നു ചോദ്യം. ഇപ്പോള്‍ എന്‍.ഡി.എ ഭരണകാലത്ത് സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും നിലനില്‍ക്കുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍, അസമിനെ കൊള്ളയടിക്കുന്നതില്‍ നിന്ന് എങ്ങനെ രക്ഷിക്കാമെന്ന ചോദ്യം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്‍.ഡി.എ ഭരണത്തില്‍ സംസ്ഥാനം പുരോഗതിയുടെ ഉയരങ്ങളിലേക്കെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.