കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്,അവന്‍ ചാണ്ടിയുടെ മകന്‍ എന്നീ സിനിമകളിലൂടെ നായികയായി എത്തിയ ശ്രീദേവികയെ ട്രോളാന്‍ എത്തിയ ഒരു പ്രേക്ഷകന് നടി നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഫീല്‍ഡ് ഔട്ട് ആയ നടികളുടെ ട്രോളിനു താഴെയാണ് ശ്രീദേവികയെക്കുറിച്ച്‌ ഒരാള്‍ കമന്റ് ചെയ്തത്.

‘ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല’ എന്നായിരുന്നു കമന്റ്. പാര്‍ഥന്‍ കണ്ട പരലോകം എന്ന സിനിമയിലെ ശ്രീദേവികയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ട്രോള്‍ ശ്രദ്ധിച്ച ശ്രീദേവിക ഉടന്‍തന്നെ മറുപടിയുമായി എത്തി.

‘ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്, ബ്രോ’ എന്നായിരുന്നു ശ്രീദേവികയുടെ മറുപടി. എന്തായാലും നടിയുടെ അപ്രതീക്ഷിതമായ ഇടപെടല്‍ പ്രേക്ഷകരും ഏറ്റെടുത്തു.

പാലക്കാട് സ്വദേശിയായ ശ്രീദേവികയുടെ യഥാര്‍ഥ പേര് ശ്രീദേവി പണിക്കര്‍ എന്നാണ്. മോഡലിങിലൂടെയാണ് ശ്രീദേവിക തന്റെ കരിയറിന് തുടക്കമിടുന്നത്. 2004 ല്‍ രാമകൃഷ്ണ എന്ന തമിഴ് ചിത്രത്തില്‍ നായികയായാണ് ശ്രീദേവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വര്‍ഷം തന്നെ മലയാളത്തില്‍ കേരള ഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന സിനിമയിലും നായികയായി.

2010 ല്‍ ശ്രീദേവിക വിവാഹിതയായി. പൈലറ്റ് ആയ രോഹിത് രാമചന്ദ്രനെയാണ് ശ്രീദേവിക വിവാഹം ചെയ്തത്.മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളില്‍ അഭിനയിച്ചു.