തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും മഴയ്ക്കും സാധ്യത. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ഈ മാസം 25 വരെ തുടരാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

ജാഗ്രത നിര്‍ദ്ദേശങ്ങള്‍

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് . ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.