തൃശൂര്‍: തേക്കിന്‍കാട് നടന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പ്രസംഗിച്ചു മടങ്ങിയ ഉടന്‍ വേദിയിലെത്തിയ അപരിചിതന് സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെ കയ്യേറ്റം ചെയ്തു. പ്രസംഗിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വേദിയിലെത്തിയ ആള് ബേബി ജോണിനെ പിടിച്ചു തള്ളി. പെട്ടെന്നുണ്ടായ ശക്തമായ തള്ളലില്‍ വേദിയില്‍ത്തന്നെ വീണ ബേബി ജോണിനെ നേതാക്കള്‍ പിടിച്ചെഴുന്നേല്പിച്ചു.
പ്രസംഗപീഠവും മറിഞ്ഞു വീണു. കയ്യില്‍ നിസ്സാര പരുക്കുണ്ട്. പ്രസംഗം പൂര്‍ത്തിയാക്കിയാണ് ബേബി ജോണ്‍ മടങ്ങിയത്. ചുവന്ന മുണ്ടുടുത്തു വേദിയില്‍ കയറിയ ആള് താന്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂര്‍ ആണെന്നു പരിചയപ്പെടുത്തി. പ്രസംഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. അസ്വാഭാവികത തോന്നിയതിനാല്‍ അനുനയിപ്പിച്ചു പുറത്തിറക്കാന്‍ നേതാക്കള്‍ ശ്രമിച്ചു. റെഡ് വൊളന്റിയര്‍മാരും വേദിയിലെത്തി. ഇതിനിടെയായിരുന്നു ആക്രമണം. ഷുക്കൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു