ഇന്നലെ ഒരൊറ്റ ദിവസം ബ്രിട്ടനില്‍ 24,405 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 274 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ ആദ്യ വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തിലെ അത്ര കഠിനമല്ലെങ്കിലും, രോഗവ്യാപനത്തിന്റെ വേഗത വളരെ കൂടുതലാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഇതേരീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍, ശൈത്യകാലാവസാനത്തോടെ 85,000 പേരെങ്കിലും കോവിഡിന് കീഴടങ്ങി മരണം വരിക്കുമെന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ അംഗങ്ങളായ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്ന്, ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക മാത്രമാണ് രോഗവ്യാപനം തടയാന്‍ ഒരേയൊരു മാര്‍ഗ്ഗം എന്നാണ് ഇവര്‍ വാദിക്കുന്നത്. നിലവിലുള്ള ത്രീ ടയര്‍ സമ്ബ്രദായം ഒരു പരാജയമാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ഫലവത്താണോ എന്നറിയാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കും എന്നാണ് ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ കോവിഡ് മൂര്‍ദ്ധന്യഘട്ടത്തെ മാതൃകയാക്കി ശാസ്ത്രോപദേശക സമിതി അംഗങ്ങള്‍, ഒക്ടോബര്‍ മാസത്തോടെ പ്രതിദിനം നൂറ് കോവിഡ് മരണങ്ങളെങ്കിലും ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍, നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, ഇതിലും ഭീകരമായിരിക്കും ശൈത്യകാലത്തെ അവസ്ഥ എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ പ്രതിദിന മരണ സംഖ്യ പ്രവചിച്ചതിന്റെ ഇരട്ടിയില്‍ അധികമായിരിക്കുന്നു എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, പ്രതീക്ഷിച്ചതിലും വേഗതയിലാണ് വൈറസ് പടരുന്നത് എന്നു കാണിച്ചുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ടും ശാസ്ത്രോപദേശക സമിതി കഴിഞ്ഞയാഴ്‌ച്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരംപ്രതിദിനം രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 75,000 ത്തില്‍ അധികമാകാം. അതേസമയം, എന്‍ എച്ച്‌ എസ് ആശുപത്രികളെല്ലാം അതിവേഗംരോഗികളെ കൊണ്ട് നിറയുകയാണ്. നവംബര്‍ പകുതിയോടെ മിക്ക ആശുപത്രികളും അവയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി രോഗികളെ കൊണ്ട് നിറയും എന്നാണ് കണക്കാക്കുന്നത്.

എത്രയും പെട്ടെന്ന് ഒരു സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക മാത്രമാണ് ഈ വ്യാപനം തടയുവാനുള്ള ഏക മാര്‍ഗ്ഗമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. വ്യത്യസ്ത കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചു ചേരാന്‍ കഴിയുന്ന, പബ്ബുകളും, റെസ്റ്റോറന്റുകളും ഉള്‍പ്പടെ സകല സ്ഥലങ്ങളും അടച്ചിടണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. മാതമല്ല, ഫ്രാന്‍സില്‍ നടപ്പിലാക്കിയിരിക്കുന്നതുപോലെ, ജനങ്ങള്‍ക്ക് എക്സര്‍സൈസ് ചെയ്യുവാനോ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാനോ ആയി ഒരു മണിക്കൂര്‍ മാത്രം വീടിനു വെളിയില്‍ പോകുവാന്‍ അനുവദിക്കുന്ന തരത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്നും ഇവര്‍ പറയുന്നു.

അതേസമയം കാര്‍ലിസില്‍, ലോംഗ്ടൗണ്‍, ബ്രാംപ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ നാളെ മുതല്‍ ടയര്‍ 2 നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ക്യൂമ്ബ്രിയ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. ഈ ഭാഗങ്ങളില്‍ രോഗവ്യാപനം വളരെയധികം വര്‍ദ്ധിച്ചതിനാലാണ് ഇത്തരമൊരു നടപടി എന്നും അധികൃതര്‍ അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ അധികമാണ് ഇവിടത്തെ രോഗവ്യാപന നിരക്ക്.

അതേസമയം, രോഗവ്യാപനത്തിന്റെ ശക്തി സൂചിപ്പിക്കുന്ന, വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആര്‍ നിരക്ക് 1.6 ആയി ഉയര്‍ന്നു എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ആദ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണത്. ലണ്ടനില്‍ ഇത് 2.8 വരെ എത്തിയിട്ടുണ്ടാകാം എന്നും അവര്‍ പറയുന്നു. ആര്‍ നിരക്ക് 1.6 എന്നു പറഞ്ഞാല്‍, രോഗബാധയുള്ള 10 പേരില്‍ നിന്നും പുതിയതായി 16 പേരിലേക്ക് രോഗം പകരാം എന്ന് സാരം. അതുപോലെ ആര്‍ നിരക്ക് 2.8 എന്ന് പറഞ്ഞാല്‍, രോഗബാധിതരായ 10 പേരില്‍ നിന്നും 28 പേരിലേക്ക് രോഗം പകരാം എന്നും സാരം.

നിലവില്‍ ടയര്‍ 3 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള നോട്ടിങ്ഹാം, ലിവര്‍പൂള്‍, ഡോങ്കാസ്റ്റര്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം കാര്യമായി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, നിയന്ത്രണങ്ങള്‍ ഫലവത്താണോ എന്നറിയുവാന്‍ ചുരുങ്ങിയത് മൂന്നാഴ്‌ച്ച എങ്കിലും എടുക്കും എന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒക്ടോബര്‍ 14 നായിരുന്നു നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതുവരെ രണ്ടാഴ്‌ച്ച മാത്രമാണ് കടന്നുപോയിട്ടുള്ളത്.