പ്രതിരോധമേഖലകളിലെ സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും അമേരിക്കയും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത് .
പരസ്പരം വിവരങ്ങള്‍ പങ്കുവയ്ക്കല്‍, പ്രതിരോധ മേഖലകളിലെ പരസ്പര സഹകരണം, പരസ്പര നയ പിന്തുണ എന്നിവ സൈനിക മേഖലയിലേക്ക് വ്യാപിക്കുന്നതുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിനിടയിലും ലോയ്ഡ് ഓസ്റ്റിന്റെ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക അഭ്യാസങ്ങള്‍, ഇന്ത്യന്‍ സൈന്യം, യു.എസ് ഇന്തോ-പസഫിക് കമാന്‍ഡ്, സെന്റര്‍ കമാന്‍ഡ്, ആഫ്രിക്ക കമാന്‍ഡ് എന്നിവ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കല്‍ എന്നീമേഖലകളില്‍ അനുകൂല തീരുമാനമായതായി പ്രതിരോധ മന്ത്രി വ്യക്തമാക്കി .
സെക്രട്ടറി ഓസ്റ്റിനുമായും മറ്റ് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരുമായും ഏറെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.