ഇടുക്കി: മുതിർന്ന സി.പി.ഐ നേതാവ് സി.എ കുര്യൻ (88) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മൂന്നു തവണ പീരുമേട് എംഎൽഎയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം.

1977, 1980, 1996 വർഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1996ൽ ഡെപ്യൂട്ടി സ്പീക്കറായി.

കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓൾ ഇന്ത്യ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.