മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ തമിഴ് താരം അജിത്തും അഭിനയിക്കും. അജിത്തിനെ കാണാന്‍ മോഹന്‍ലാല്‍ ചെന്നൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ പ്രവര്‍ത്തകനായ എജി ജോര്‍ജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ലാലേട്ടന്‍ ഉടന്‍ തന്നെ ചെന്നൈയില്‍ വച്ച്‌ അജിത്തിനെ കാണും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അടുത്ത ആഴ്ചയില്‍ കൂടിക്കാഴ്ച നടക്കുമെന്നുമായിരുന്നു ട്വീറ്റ്. ബറോസിന് വേണ്ടി വോയിസ് ഓവര്‍ ചെയ്യാനായി മലയാളത്തില്‍ നിന്ന് മമ്മൂട്ടി, തമിഴില്‍ നിന്ന് അജിത്ത്, ഹിന്ദിയില്‍ നിന്ന് ഷാരൂഖ്, തെലുങ്കില്‍ ചിരഞ്ജീവി എന്നിവര്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനിടെയാണ് എജി ജോര്‍ജിന്റെ ട്വിറ്റര്‍ പോസ്റ്റ്. ഇതോടെ ട്വീറ്റും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
അതേസമയം ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകള്‍. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേദ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തിലുണ്ട്. വാസ്‌കോ ഡഗാമയുടെ റോളിലാണ് റഫേലെത്തുന്നത്. വാസ്‌കോ ഡാ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ എത്തുന്നത്. ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.