തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവുതന്ത്രം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര ഏജന്‍സിക്കെതിരായ ക്രൈംബ്രാഞ്ചിന്റെ നടപടി നിഗൂഢ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്. ഈ നടപടികൊണ്ട് ഗുണം ലഭിക്കുന്നത് മുഖ്യമന്ത്രിക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒന്നുമില്ലാതെ വിഷയദാരിദ്ര്യം നേരിടുന്ന മുഖ്യമന്ത്രി പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കോലീബി വിഷയം കേരളം ചര്‍ച്ചചെയ്ത് തള്ളിക്കളഞ്ഞതാണ്.
ഒ.രാജഗോപാലും സിപിഐഎമ്മും തമ്മിലുള്ള ധാരണ കേരളീയ സമൂഹത്തിന് നന്നായി അറിയാം. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വേളയില്‍ സിപിഐഎമ്മിന് വോട്ട് ചെയ്ത എംഎല്‍എയാണ് രാജഗോപാല്‍. ഇതിലൂടെ സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സമൂഹത്തിന് ബോധ്യപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.