തൃശൂര്‍ : തൃശൂരില്‍ ദമ്പതികളെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാമ്പുള്ളിയില്‍ കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടിയുടെ മകന്‍ ഗോപാലന്‍ (73), ഭാര്യ മല്ലിക (65), മകന്‍ റിജോയ് (40) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് സമീപമുള്ള കുടുംബ ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരനാണ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ പരിശോധന നടത്തിയത്. ഇവര്‍ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും വീടിന്റെ പുറത്ത് നിന്നും കണ്ടെത്തിയതുകയും ചെയ്തു. ഗോപാലന്റെയും മകന്‍ റിജോയിയുടെയും മൃതദേഹം നടുവിലത്തെ മുറിയില്‍ നിന്നും മല്ലികയുടെ മൃതദേഹം മറ്റൊരു മുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്.
ഭിന്നശേഷിക്കാരനായ ഗോപാലന്‍ കയര്‍ വകുപ്പില്‍ ജീവനക്കാരനായിരുന്നു. ഇയാള്‍ക്ക് ഒറ്റയ്ക്ക് ആത്മഹത്യ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഭാര്യയോ മകനോ ഗോപാലനെ കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നമാകാം കാരണമെന്നും പോലീസ് സംശയിക്കുന്നു.

മല്ലിക കരിക്കൊടി കയര്‍ വ്യവസായ സംഘത്തിലെ താത്കാലിക സെക്രട്ടറിയായി വിരമിച്ചതാണ്. വിദേശത്ത് ജോലി ചെയ്യുന്ന റിജോയ് കുറച്ചുകാലമായി നാട്ടിലുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.