കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കി. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ഓഫീസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ഉദ്യാവര്‍ മാഡയില്‍ നിന്ന് ബൈക് റാലിയുടെ അകമ്ബടിയോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ എത്തിയത്.

ബിജെപി സംസ്ഥാന കമിറ്റി അംഗങ്ങളായ ബാലകൃഷ്ണ ഷെട്ടി, സുരേഷ് കുമാര്‍ ഷെട്ടി, ഉത്തര മേഖല വൈസ് പ്രസിഡന്റ് കെ സതീഷ് ചന്ദ്ര ഭട്ടാരി, യുവമോര്‍ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ ക്യഷ്ണ, ബിജെപി മണ്ഡലം പ്രസിഡന്റ് മണികണ്ഠ റായ്, ജില്ലാ സെക്രടറി വിജയകുമാര്‍ റായ്, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ സരോജ ആര്‍ ബല്ലാല്‍, അശ്വനി എം എല്‍, ചന്ദ്രാവതി, അനില്‍കുമാര്‍ തുടങ്ങിയവരുടെ കൂടെയാണ് ബ്ലോക് പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.