പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സജീവമായി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ. ശ്രീധരന്‍. നാല് ‘വി’കളാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് ശ്രീധരന്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപിയ്ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നീ നാല് ‘വി’കള്‍ക്കുള്ളതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

കേരളം വികസനത്തില്‍ വളരെ പിന്നിലാണെന്നും ബിജെപിക്കേ ഇതില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുരോഗതിയില്‍ താത്പര്യമില്ലാത്ത എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനം മാറി മാറി ഭരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ മറ്റ് ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയും കൊടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുകയാണെന്നും ശ്രീധരന്‍ ട്വിറ്ററില്‍ കുറിച്ചു.
വേറിട്ട പ്രചാരണ രീതിയായിരിക്കും തന്റേതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ശ്രീധരന്‍ പ്രതികരിച്ചിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ഉപയോഗിക്കും. എതിരാളികളുമായി മത്സരിക്കും പക്ഷെ തമ്മില്‍ തല്ല് കൂടില്ല. താനൊരു രാഷ്ട്രീയക്കാരനല്ല, ടെക്‌നോക്രാറ്റാണെന്നും ശ്രീധരന്‍ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റലായും അല്ലാതെയും കൊഴുപ്പിക്കുകയാണ് മെട്രോമാന്‍.