ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ ചെറുക്കാന്‍ വാക്‌സിനുകള്‍ എല്ലാവര്‍ക്കും നല്‍കി സാര്‍വത്രിക പ്രതിരോധശേഷി സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ കേന്ദ്രം ലക്ഷ്യമിടുന്നത് എന്ന് ലോക്‌സഭയില്‍ എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യ മന്ത്രി ഇത്തരത്തില്‍ മറുപടി പറഞ്ഞത് .

“പ്രാഥമിക പരിഗണന അര്‍ഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിന്നീട് മുതിര്‍ന്ന പൗരന്മാര്‍ക്കും അതിന് ശേഷം 45 നും 59 നും മധ്യേ പ്രായപരിധിയിലുള്ളവര്‍ക്കും എന്ന രീതിയിലാണ് ഇപ്പോള്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യാപകമാക്കും. ” ആരോഗ്യമന്ത്രി പറഞ്ഞു .

ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം മാത്രമല്ല ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പ്രാഥമിക പരിഗണന അര്‍ഹിക്കുന്നവരെ സംബന്ധിച്ച്‌ മുഖവിലക്കെടുത്തതായി മന്ത്രി പറഞ്ഞു .

ശാസ്ത്രീയമായി, രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യകതയില്ല. ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ട കാര്യമില്ല. പ്രാഥമിക പരിഗണന എന്നത് വ്യത്യാസപ്പെടാം. വൈറസിനും വ്യതിയാനം സംഭവിച്ച്‌ കൊണ്ടിരിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറയുണ്ട്. ഒരു സംഘം വിദഗ്ധരുടേയും ആരോഗ്യവകുപ്പിലെ ജീവനക്കാരുടേയും കൂട്ടായ കഠിനപ്രയത്‌നത്തിന്റേയും ശാസ്ത്രീയ പരീക്ഷണങ്ങളുടേയും ഫലമാണ് ഇന്ന് നാം കാണുന്നത്-ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് വാക്‌സിനുകള്‍. വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് .അതുകൊണ്ട് വാക്‌സിന്‍ സ്വീകരിക്കുന്നതിനെ കുറിച്ച്‌ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും വാക്‌സിന്‍ ഫലപ്രാപ്തിയെ കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രവ്‌നീത് സിങ് ബിട്ടുവിന്റെ ചോദ്യത്തിന് അദ്ദേഹം വിശദീകരണം നല്‍കി .