തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന സുരേഷ് ഗോപിയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നീക്കം. സുരേഷ് ഗോപിയ്ക്ക് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയില്‍ മത്സരിക്കാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ബി.ജെ.പിയും രംഗത്ത് എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോണ്‍ഗ്രസ് പ്രകടമാക്കുന്നത് എന്നാണ് ബിജെപിയുടെ ആക്ഷേപം.

രാജ്യസഭ എംപിയാണ് സുരേഷ് ഗോപി. അദ്ദേഹത്തെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതാണ്. അത്തരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവില്ലെന്നാണ് ടി.എന്‍ പ്രതാപന്‍ എം.പി പറയുന്നത്. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത അംഗം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാവുകയോ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ ചെയ്യണമെങ്കില്‍ രാജ്യസഭ അംഗത്വം രാജിവെയ്ക്കണം എന്നാണ് ചട്ടം എന്ന് കോണ്‍ഗ്രസ് പറയുന്നു.

തൃശൂരിലെ ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം വ്യാഴാഴ്ച
പത്രിക സമര്‍പ്പിച്ചത്. ഇതോടെ തൃശൂരില്‍ കടുത്ത മത്സരം നടക്കുമെന്നുറപ്പായി. തൃശൂരില്‍ കോണ്‍ഗ്രസിന്റെ പത്മജാ വേണുഗോപാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ക്രൈസ്തവ സഭയുടെ വോട്ടും ഉറപ്പിച്ചാണ് സുരേഷ് ഗോപി മത്സരിക്കാന്‍ എത്തുന്നതെന്നാണ് വിലയിരുത്തല്‍.

വിവിധ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വോട്ട് വര്‍ദ്ധനവിനൊപ്പം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബി.ജെ.പിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.