ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. ഇപ്പോള്‍ തനിക്കും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന വിശേഷം പങ്കുവയ്ക്കുകയാണ് വിഷ്ണു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിഷ്ണും കുഞ്ഞിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

“ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു. ഇത്രയധികം വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നു പോകാന്‍ മനസ് കാണിച്ചതിന് നന്ദി, എന്റെ പ്രിയപ്പെട്ടവളേ,” എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു മകനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

നേരത്തേ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച്‌, ഞങ്ങള്‍ മൂന്നുപേരും എന്നെഴുതിക്കൊണ്ടാണ് വിഷ്ണു ആ സന്തോഷ വാര്‍ത്ത എല്ലാവരേയും അറിയിച്ചത്.

ബാലനടനായി എത്തിയ വിഷ്ണു ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.’കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘വികടകുമാരന്‍’, ‘നിത്യഹരിതനായകന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ സിദ്ദിഖ് ഒരുക്കിയ ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.