തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയുടെ വിധി വന്നതിന് ശേഷം എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രി ശബരിമല സംഘര്‍ഷ ഭൂമിയാക്കിയതിനും ആചാരലംഘനം നടത്തി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതിനും മാപ്പു പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാവരുമായി കൂടിയാലോചിച്ച്‌ തീരുമാനമെടുക്കണമെന്ന് അന്ന് തന്നെ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി അത് ചെവിക്കൊള്ളാതെ കടുംപിടിത്തം പിടിച്ച്‌ മുന്നോട്ട് പോയതാണ് ശബരിമലയെയും നാടിനെയും സംഘര്‍ഷഭരിതമാക്കിയത്. പൊതുഖജനാവ് ധൂര്‍ത്തടിച്ചാണ് വിനാശകരമായ തന്റെ നിലപാടിന് ശക്തിപകരാന്‍ അന്ന് വനിതാമതില്‍ കെട്ടിയത്. ഇനി സുപ്രിംകോടതി വിധി വരുമ്ബോള്‍ എല്ലാവരുമായും കൂടിയാലോചിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി അന്ന് വനിതാ മതില്‍ കെട്ടിയതും തെറ്റായിപ്പോയെന്ന് തുറന്നുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ വരാന്‍ പോകുന്ന വിധി നടപ്പാക്കൂ എന്ന് പറയുന്ന മുഖ്യമന്ത്രി ഭക്തരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ തരിമ്ബെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള തെറ്റായ സത്യവാങ്മൂലം പിന്‍വലിക്കണം. ഇപ്പോഴത്തെ സത്യവാങ്മൂലം പിന്‍വലിച്ച്‌, ശബരിമലയില്‍ ആചാരം ലംഘിച്ച്‌ യുവതികളെ പ്രവേശിപ്പിക്കരുതെന്ന പുതിയ സത്യവാങ്മൂലം നല്‍കിയാല്‍ ശരിയായ വിധി തന്നെ വരും. അല്ലാതെ വിധി വന്ന ശേഷം എല്ലാവരുമായി ആലോചിക്കുമെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.