പാലക്കാട്: കേരളത്തില്‍ 70 സീറ്റുകള്‍ നേടി അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്ന് ഇ. ശ്രീധരന്‍. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ത്രിപുരയില്‍ ബി.ജെ.പിയും അധികാരത്തില്‍ വന്നതിനെ ഉദാഹരണമായി ചൂണ്ടികാട്ടിയായിരുന്നു ഇ.ശ്രീധരന്റെ പ്രസ്താവന. ഈ രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരുന്നതിന് മുമ്ബ് അവിടെ ആ പാര്‍ട്ടികള്‍ക്ക് ഒരു എം.എല്‍.എ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അധികാരത്തില്‍ എത്താന്‍ സാധിച്ചെങ്കില്‍ കേരളത്തിലും അത് സാധിക്കുമെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ഭരണമാറ്റത്തിന് തന്നെയാണ് സാധ്യത. പ്രളയകാലത്ത് ഒന്നും ചെയ്യാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിന്‌ശേഷം ഇതുവരെയും വെള്ളപൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പിണറായി വിജയന് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന താല്‍പര്യമാണുള്ളത്. ഇടതു വലതു മുന്നണികള്‍ക്ക് സുസ്ഥിര വികസനം എന്താണെന്നു പോലും അറിയില്ല. കടംവാങ്ങി സാമൂഹ്യക്ഷേമം ഉറപ്പാക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്നെപ്പോലെ രാഷ്ട്രീയത്തിലെ തുടക്കക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പെട്ടെന്നു പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടാകും. പക്ഷേ സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ സഹായം പാര്‍ട്ടി നേതൃത്വത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല’ ഇ.ശ്രീധരന്‍ പറഞ്ഞു.