തിരുവനന്തപുരം: സി.പി.എം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ശബരിമല വിഷയം വീണ്ടും സജീവമായി പ്രചാരണരംഗത്തേക്ക്. വിവാദവിഷയങ്ങള്‍ ഒഴിവാക്കി വികസനത്തില്‍ ഉൗന്നി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ് ശബരിമലയെ കേന്ദ്ര ബിന്ദുവാക്കിയത്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സി.പി.എം നിലപാട് ശരിയായിരുന്നെന്നാണ് യെച്ചൂരി പറഞ്ഞത്.
കടകംപള്ളി സുരേന്ദ്രന് ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്ന് പ്രതികരിച്ച അദ്ദേഹം, ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും വ്യക്തമാക്കി. യെച്ചൂരിയുടെ പ്രസ്താവന ആയുധമാക്കി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി.
ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച എല്‍.ഡി.എഫിനെ ലോക്സഭ തെരഞ്ഞെടുപ്പിലെ പൊള്ളുന്ന തോല്‍വിയാണ് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്. അതിനിടെ, യെച്ചൂരിയുടെ പ്രസ്താവന. സര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കുകയാണ്.